കൊച്ചി: അഞ്ചുവർഷത്തോളം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിെൻറ (കെ.എം.ആർ.എൽ) അമരക്കാരനായിരുന്ന ഏലിയാസ് ജോർജ് മാനേജിങ് ഡയറക്ടർ സ്ഥാനം ഒഴിയുന്നു. രണ്ടുവർഷംകൂടി സർവിസ് ബാക്കിനിൽക്കെയാണ് സ്വമേധയ സ്ഥാനമൊഴിയുന്നത്. രാജിക്കത്ത് കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്ക് കൈമാറി. പുതിയ എം.ഡിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. അതുവരെ ഏലിയാസ് ജോർജ് തുടർന്നേക്കും. അഖിലേന്ത്യ സർവിസിൽനിന്ന് കഴിഞ്ഞ ഒക്ടോബറിൽ വിരമിച്ച ഏലിയാസ് ജോർജിന് മെട്രോ എം.ഡി സ്ഥാനത്ത് സർക്കാർ മൂന്നുവർഷംകൂടി കാലാവധി അനുവദിച്ചിരുന്നു. എന്നാൽ, മെട്രോ ആലുവ മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെ പ്രവർത്തനസജ്ജമായതോടെ അദ്ദേഹം മുഖ്യമന്ത്രിയെ കണ്ട് ഒഴിയാൻ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. സപ്ലൈകോ സി.എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് ഉൾപ്പെടെയുള്ളവരുടെ പേരാണ് എം.ഡി സ്ഥാനത്തേക്ക് കേൾക്കുന്നത്. ഉദ്ദേശ്യശുദ്ധി ജനങ്ങളെ ബോധ്യപ്പെടുത്താനായാൽ ഏത് അടിസ്ഥാന സൗകര്യ വികസന പദ്ധതിയും സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കാനാകുമെന്നതിന് തെളിവാണ് കൊച്ചി മെട്രോയെന്ന് മാധ്യമപ്രവർത്തകരുമായി നടത്തിയ മുഖാമുഖത്തിൽ ഏലിയാസ് ജോർജ് പറഞ്ഞു. കച്ചവടക്കാരും സാധാരണക്കാരുമടക്കം മെട്രോ ബാധിക്കുന്ന വിഭാഗങ്ങൾ ഏറെയാണ്. അവരുടെയെല്ലാം സഹകരണമാണ് ഇതിെൻറ വിജയം. യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാറുകളും ഡി.എം.ആർ.സിയും പൂർണ പിന്തുണയേകി. യുവത്വമുള്ള അഞ്ഞൂറോളം ജീവനക്കാരാണ് മെട്രോയുടെ ശക്തി. രണ്ടാംഘട്ടമായി കാക്കനാേട്ടക്ക് നീട്ടാനുള്ള പദ്ധതിക്ക് വൈകാതെ അംഗീകാരം ലഭിക്കും. ഇതിെൻറ ഉപദേഷ്ടാവാകാൻ ഇ. ശ്രീധരനെ ക്ഷണിച്ചിട്ടുണ്ട്. സമയമബന്ധിതമായി അങ്കമാലിയിലേക്കും നീട്ടും. എന്നാൽ, നെടുമ്പാശ്ശേരിയിലേക്ക് നീട്ടുന്നത് വിജയകരമാകുമോയെന്ന് സംശയമുണ്ട്. വാട്ടർ മെട്രോ പദ്ധതി മൂന്നുവർഷത്തിനകം പൂർത്തിയാകും. ഇതോടെ കൊച്ചി ആഗോളനഗരമായി മാറും. വൈദ്യുതി-ജല ബില്ലുകൾ അടക്കുന്നതുൾപ്പെടെ കൊച്ചി വൺ കാർഡിൽ അധികസേവനങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും. സ്ഥിരം യാത്രക്കാർക്ക് പാർക്കിങ്ങിന് ഉൾപ്പെടെ ഗണ്യമായ നിരക്കിളവ് അനുവദിക്കുന്ന പാക്കേജ് ഉടൻ പ്രഖ്യാപിക്കും. തെൻറ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അനുഭവമാണ് കൊച്ചി മെട്രോ. എം.ഡി സ്ഥാനത്ത് തുടരണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അടുത്ത ഘട്ടം പ്രവർത്തനങ്ങളുടെ ഇടക്കുവെച്ച് ഒഴിയുന്നതിെനക്കാൾ ഇപ്പോഴാണ് നല്ലതെന്ന് തോന്നി. താൻ വരുേമ്പാൾ പദ്ധതി റിപ്പോർട്ട് മാത്രമാണുണ്ടായിരുന്നത്. ഇവിടംവരെ എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. വരുമാനത്തിന് ഇതരമാർഗങ്ങളുടെ സാധ്യത തേടണം. കാക്കനാട്ട് 17 ഏക്കറിൽ നടപ്പാക്കുന്ന പാർപ്പിട സമുച്ചയ പദ്ധതി ഇതിെൻറ ഭാഗമാണെന്നും ഏലിയാസ് ജോർജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.