ആലപ്പുഴ: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ പൂർണം. ആദ്യ മണിക്കൂറിൽ സമാധാനപരമായിരുന്നു. പിന്നീട് പലയിടങ്ങളിൽ വാഹനങ്ങൾ തടയുകയും ചെറിയ സംഘർഷങ്ങളും ഉണ്ടായി. രാവിലെ സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും മാത്രമാണ് നിരത്തിൽ ഇറങ്ങിയത്. ഉച്ചയോടെ സ്ഥിതി മാറി. ബസുകളടക്കം സമരാനുകൂലികൾ തടഞ്ഞതോടെ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവിസ് അടക്കം നിർത്തിവെച്ചു. ആലപ്പുഴ സ്റ്റാൻഡിലേക്ക് പോവുകയായിരുന്ന ബസുകൾ ബോട്ട്ജെട്ടിക്ക് സമീപം തടഞ്ഞു. സ്ഥലത്ത് പൊലീസ് എത്തിയെങ്കിലും ഇവരെ റോഡിൽനിന്ന് മാറ്റാൻ ശ്രമിച്ചില്ല. മണിക്കൂറോളം ബസുകൾ റോഡിൽ കിടക്കേണ്ട സ്ഥിതിയായിരുന്നു. വിനോദസഞ്ചാര മേഖലയും ഹർത്താലിൽ നിശ്ചലമായി. വിരലിൽ എണ്ണാവുന്ന ഹൗസ്ബോട്ടുകൾ മാത്രമാണ് സർവിസ് നടത്തിയത്. വാഹന സൗകര്യം, ഭക്ഷണം എന്നിവ ലഭിക്കാതെ വിനോദസഞ്ചാരികൾ വലഞ്ഞു. പലപ്പോഴും മറ്റ് ജില്ലകളിൽനിന്ന് ആലപ്പുഴ നഗരത്തിൽ എത്തിയവർക്കും സ്ഥിതി ഇതുതന്നെയായിരുന്നു. സർക്കാർ ഓഫിസുകളിൽ ഹാജർ നില കുറവായിരുന്നു. ജില്ല ഭരണസിരാകേന്ദ്രത്തിൽ 50ൽ താഴെ ജീവനക്കാർ മാത്രമാണ് എത്തിയത്. വാഹനങ്ങൾ ഇല്ലാത്തതിനാൽ സ്കൂളുകൾക്കും അവധി നൽകി. റെയിൽവേ സ്റ്റേഷനിൽ എത്തിയവർക്ക് പകരം യാത്ര സംവിധാനം ഒരുക്കി പൊലീസ് തുണയായി. ഇതോടൊപ്പം ചില സന്നദ്ധ സംഘടനകളും വാഹന സൗകര്യം ഏർപ്പെടുത്തിയത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമായി. ഹർത്താലിന് ആഭിമുഖ്യം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തി. ഡി.സി.സി ഓഫിസിന് മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി അവസാനിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു. യു.ഡി.എഫ് ചെയർമാൻ എം. മുരളി, എ.എം. നസീർ, നസീർ പുന്നക്കൽ, ബാബു ജോർജ്, സഞ്ജീവ് ഭട്ട്, ബി. ഗഫൂർ, എ.എ. റസാഖ് എന്നിവർ നേതൃത്വം നൽകി. രാജി ആവശ്യപ്പെട്ട് എം.പിയുടെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച് ആലപ്പുഴ: സ്ത്രീപീഡന കേസിൽ കുറ്റാരോപിതനായ കെ.സി. വേണുഗോപാൽ എം.പി സ്ഥാനം രാജിവെക്കണെമന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. തിരുവമ്പാടി ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് എം.പിയുടെ വസതിക്ക് സമീപം പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി മുൻ അംഗം എച്ച്. സലാം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.എം. അനസ് അലി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം എ. ഷാനവാസ്, ജില്ല കമ്മിറ്റി അംഗങ്ങളായ ബി. അജേഷ്, ആർ. റജീബ് അലി, പി.കെ. സുധീഷ്, പി.കെ. ഫൈസൽ, എം. സജീർ, അജ്മൽ ഹസൻ, എം. ജയേഷ്, എസ്. മനു, മദൻലാൽ, പി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ജില്ല ട്രഷറർ ആർ. രാഹുൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.