യാത്രക്കാരൻ മറന്നുവെച്ച 60,000 രൂപ തിരികെ നൽകി കെ.എസ്​.ആർ.ടി.സി ജീവനക്കാർ

കായംകുളം: യാത്രക്കാരൻ ബസിൽ മറന്നുവെച്ച പണം തിരികെ നൽകി കെ.എസ്.ആർ.ടി.സി ജീവനക്കാർ മാതൃകയായി. അടൂർ ഏഴംകുളം മംഗലത്ത് ബിനുധരൻ നായരുടെ 60,000 രൂപയാണ് കായംകുളം ഡിപ്പോയിലെ കണ്ടക്ടർ ഇ. ത്വാഹ, ഡ്രൈവർ കെ. രാജീവ് എന്നിവർ തിരികെ നൽകിയത്. ശനിയാഴ്ച രാവിലെ ഏഴോടെ കായംകുളം-പുനലൂർ വേണാട് ബസിൽ കായംകുളത്തേക്ക് വന്ന ബിനുധരൻ നായർ പണമടങ്ങിയ കവർ എടുക്കാൻ മറന്നു. മുഴുവൻ യാത്രക്കാരും ഇറങ്ങിയതിന് പിന്നാലെ ഇറങ്ങാൻ ശ്രമിക്കുമ്പോഴാണ് കണ്ടക്ടർ ത്വാഹക്കും ഡ്രൈവർ രാജീവനും സീറ്റിൽനിന്ന് കവർ ലഭിച്ചത്. കവർ തുറന്നപ്പോൾ പണമാണ് കണ്ടത്. ഉടൻ ജീവനക്കാർ കായംകുളം ഡിപ്പോയിൽ ഏൽപിച്ചു. കവറിൽ പണത്തോടൊപ്പം ജനന സർട്ടിഫിക്കറ്റും ഫോൺ നമ്പറും ഉണ്ടായിരുന്നു. ഇൗ നമ്പറിൽ ബന്ധപ്പെട്ടാണ് ഉടമയെ കണ്ടെത്തിയത്. ഡിപ്പോ ജനറൽ കൺട്രോൾ ഇൻസ്പെക്ടർ എസ്.എ. ലത്തീഫ്, സ്റ്റേഷൻ മാസ്റ്റർ എം.വി. ലാൽ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമക്ക് പണം കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.