കൊച്ചി: ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായി കഴിവതും വിരമിച്ച സർക്കാർ ജീവനക്കാരെ തെരഞ്ഞെടുക്കണമെന്ന് സി.പി.എം നിർദേശം. ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി 15ന് ലോക്കൽ സമ്മേളനങ്ങൾ തുടങ്ങാനിരിക്കെയാണ് പാർട്ടി നേതൃത്വം ലോക്കൽ സമ്മേളന പ്രതിനിധികൾക്കുമുന്നിൽ സെക്രട്ടറിയെ തെരഞ്ഞെടുക്കുേമ്പാൾ പ്രാധാന്യം നൽകേണ്ട പുതിയ മാനദണ്ഡം മുന്നോട്ടുവെച്ചത്. വിരമിച്ച സർക്കാർ-അർധ സർക്കാർ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, അധ്യാപകർ എന്നിവരെയൊക്കെ സെക്രട്ടറിയുടെ ചുമതല ഏൽപിക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. പക്വതയുള്ള ഇവരുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താൻ കഴിയുന്നതിനൊപ്പം ഇവർക്ക് പെൻഷനുള്ളതിനാൽ അലവൻസ് നൽകേണ്ടതില്ല എന്നതും പാർട്ടിയെ സംബന്ധിച്ച് നേട്ടമാണ്. ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുടേത് മുഴുവൻ സമയജോലിയാണ് സെക്രട്ടറിമാർക്ക് 20,000 രൂപയാണ് പാർട്ടി അലവൻസ് തീരുമാനിച്ചിട്ടുള്ളത്. ജില്ലയിലെ പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ ഞായറാഴ്ചയോടെ പൂർത്തിയായിട്ടുണ്ട്. എന്നാൽ, തർക്കംമൂലം സെക്രട്ടറിയെ തെരെഞ്ഞടുക്കാതെ പാതിവഴിയിൽ നിർത്തേണ്ടി വന്ന സമ്മേളനങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. കളമശ്ശേരി ഏരിയ കമ്മിറ്റിക്ക് കീഴിലെ സുന്ദരഗിരി, അപ്പോളോ ടയേഴ്സ് ബ്രാഞ്ചുകളെ സംബന്ധിച്ച് തർക്കം രൂക്ഷമാണ്. ഉപരികമ്മിറ്റികൾ ഇടപെട്ട് പ്രശ്നം രമ്യമായി പരിഹരിക്കാൻ പലതവണ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വലിയ തോതിൽ ഫണ്ട് സമാഹരണത്തിന് അവസരമുള്ള അപ്പോേളാ ടയേഴ്സ് ബ്രാഞ്ചിൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള കടിപിടിക്കുപിന്നിൽ വിഭാഗീയതക്കപ്പുറം സാമ്പത്തിക താൽപര്യങ്ങളാണ്. ജില്ലയിൽ സി.പി.എമ്മിന് 20 ഏരിയ കമ്മിറ്റിക്ക് കീഴിൽ 173 ലോക്കൽ കമ്മിറ്റികളാണ് ഉള്ളത്. ജില്ല കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ 19 ലോക്കൽ കമ്മിറ്റിയുമുണ്ട്. ബ്രാഞ്ച് സമ്മേളനങ്ങൾപോലെ ലോക്കൽ സമ്മേളനങ്ങളും ഒരുമാസം കൊണ്ട് പൂർത്തീകരിക്കണമെന്നാണ് കേന്ദ്രകമ്മിറ്റി നിർദേശിച്ചിരിക്കുന്നത്. വിമതപക്ഷത്തിന് മുൻതൂക്കം ലഭിക്കത്തക്ക രീതിയിലാണ് ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയായിരിക്കുന്നത്. ഇൗ സാഹചര്യത്തിൽ ലോക്കൽ കമ്മിറ്റികൾ പിടിച്ചടക്കാൻ ശക്തമായ പോരാട്ടം ഉണ്ടാകുമെന്ന് ഉറപ്പാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.