കൊച്ചി: കൊച്ചി മെട്രോയുടെ കലൂർ-മഹാരാജാസ് സർവിസിലെ കന്നിയാത്രക്ക് എത്തിയവർ ടിക്കറ്റ് കൗണ്ടറിന് സമീപം കടലാസും പേപ്പറുമായി ചിലയാളുകൾ ഇരിക്കുന്നത് കണ്ട് ആദ്യമൊന്ന് ഞെട്ടി. അവരുടെ തുറിച്ചുനോട്ടം കണ്ടപ്പോൾ ഇവനാള് ശരിയല്ലല്ലോ എന്നൊരു തോന്നലും... ടിക്കറ്റെടുത്ത് മടങ്ങിയപ്പോൾ അവർ നൽകിയ പേപ്പർ കണ്ട് പിന്നെയും ഞെട്ടി. സ്വന്തം മുഖത്തിെൻറ കാർട്ടൂൺ. അൽപം മുമ്പുവരെ മുഖത്തുണ്ടായിരുന്ന ആകാംക്ഷയും ആശ്ചര്യവുമൊക്കെ ഹാസ്യരൂപത്തിൽ കണ്ടതോടെ പലർക്കും ചിരിയടക്കാനായില്ല. പേപ്പർ മുഖത്തിനുനേെര ഉയർത്തിയും ചരിച്ചുവെച്ചുമൊക്കെ പടം നന്നായി ആസ്വദിച്ചു. ചിലർ മൊബൈലിൽ പടമെടുത്ത് ഫേസ്ബുക്കിലും വാട്സ്ആപ്പിലുമൊക്കെ ഷെയർ ചെയ്തു. രണ്ടാംഘട്ടത്തിലെ ഉദ്ഘാടന യാത്ര അവിസ്മരണീയമാക്കുന്നതായിരുന്നു കെ.എം.ആർ.എൽ യാത്രക്കാർക്കായി ഒരുക്കിയ അപ്രതീക്ഷിത സമ്മാനം. ആദ്യയാത്രക്കെത്തുന്നവരുടെ ചിത്രങ്ങൾ പകർത്താൻ പത്തോളം ചിത്രകാരന്മാരാണ് സ്റ്റേഷനിലുണ്ടായിരുന്നത്. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്സ്, ലിംക ബുക്ക് ഓഫ് റെക്കോഡ്സ് തുടങ്ങിയ ബഹുമതികൾക്ക് ഉടമയായ സ്പീഡ് കാർട്ടൂണിസ്റ്റ് ബി. സജീവെൻറ നേതൃത്വത്തിൽ കാർട്ടൂണിസ്റ്റുകൾ സ്റ്റേഡിയത്തിലെ ഒന്നാം നിലയിലെ ടിക്കറ്റ് കൗണ്ടറിന് മുന്നിൽ ഇരുന്നു. എറണാകുളം ടൗൺഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ മെട്രോയുടെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തതോടെ വര തുടങ്ങി. യാത്രക്കാരും മെട്രോ ജീവനക്കാരുമൊക്കെ കാർട്ടൂൺ വരപ്പിക്കാൻ തിരക്കുകൂട്ടി. ഉച്ചക്ക് രണ്ടുവരെയായിരുന്നു കാർട്ടൂൺ രചന തീരുമാനിച്ചിരുന്നതെങ്കിലും ഒരു മണിക്കൂർകൂടി നീണ്ടു. മൂന്നര മണിക്കൂറിൽ 465 പേരുടെ മുഖങ്ങളാണ് കടലാസിൽ പതിഞ്ഞത്. കാരിക്കേച്ചറിസ്റ്റ് അനൂപ് രാധാകൃഷ്ണനായിരുന്നു പരിപാടിയുടെ കോഓഡിനേറ്റര്‍. തോമസ് ആൻറണി, രതീഷ് രവി, അഞ്ജൻ സതീഷ്, ഗിരീഷ് കുമാര്‍, വിനയ തേജസ്വി, ഡെനിലാല്‍, സിനിലാല്‍, ശങ്കര്‍, അനന്തു എന്നിവരാണ് തത്സമയം കാരിക്കേച്ചര്‍ വരച്ചത്. ആവേശോജ്ജ്വലമായ സ്വീകരണമാണ് മെട്രോയുടെ രണ്ടാംഘട്ട ഉദ്ഘാടനത്തിന് ലഭിച്ചത്. ആദ്യദിനംതന്നെ നിരവധിയാളുകൾ യാത്രക്കെത്തി. ഉദ്ഘാടന ചടങ്ങിലും വൻ ജനപങ്കാളിത്തമുണ്ടായി. മുഖ്യമന്ത്രിയും അതിഥികളും എത്തുംമുമ്പേ ടൗൺഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. ഉദ്ഘാടനത്തിന് മുന്നോടിയായി തിങ്കളാഴ്ച കെ.എം.ആർ.എൽ സംഘടിപ്പിച്ച ഗ്രീൻ റണ്ണിലും നൂറുകണക്കിനാളുകൾ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.