കേന്ദ്രമന്ത്രിക്ക്​ മുഖ്യമന്ത്രിയുടെ പ്രസംഗം മൊഴിമാറ്റി പ്രതിപക്ഷ നേതാവ്

കൊച്ചി: മെട്രോ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ കാര്യങ്ങൾ കേന്ദ്രമന്ത്രിക്ക് മുന്നിൽ ഇംഗ്ലീഷിൽ അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആശംസപ്രസംഗം. അധ്യക്ഷത വഹിച്ച കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയെ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങൾ ധരിപ്പിക്കാനെന്നവിധമായിരുന്നു ചെന്നിത്തലയുടെ പ്രസംഗം. അതേസമയം, സംസ്ഥാന സർക്കാറിനെക്കുറിച്ച് ഒരു വാക്ക് പോലും പരാമർശിച്ചതുമില്ല. മുഖ്യമന്ത്രി സൂചിപ്പിച്ച കാര്യങ്ങൾതന്നെ അക്കമിട്ടു നിരത്തുകയായിരുന്നു ചെന്നിത്തല. കൊച്ചി മെട്രോ സർവിസ് ദീർഘിപ്പിക്കുന്നത്, ജല മെട്രോ ഉൾപ്പെടുന്ന സമഗ്ര ഗതാഗത സംവിധാനം, തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോ പദ്ധതി എന്നിവക്ക് കേന്ദ്രത്തി​െൻറ പിന്തുണയും സഹായവും ആവശ്യപ്പെട്ടാണ് ചെന്നിത്തല സംസാരിച്ചത്. കൊച്ചി മെട്രോയുടെ ആദ്യഘട്ടം മുതലുള്ള നിർമാണ പ്രവർത്തനങ്ങളും അദ്ദേഹം വിവരിച്ചു. ഉമ്മൻ ചാണ്ടി സർക്കാറി​െൻറ ശ്രമങ്ങൾ, കെ.വി. തോമസ് എം.പി, ഹൈബി ഈഡൻ എം.എൽ.എ, കൊച്ചി നഗരസഭ എന്നിങ്ങനെ പറഞ്ഞ് നല്ലവരായ നാട്ടുകാർക്ക് നന്ദി പറഞ്ഞ് അവസാനിപ്പിച്ച പ്രസംഗത്തിൽ സംസ്ഥാന സർക്കാറിനെ ഒറ്റവാക്കിൽപോലും പരാമർശിച്ചില്ല. അതേസമയം, കൊച്ചി മെട്രോയുടെ നാൾവഴികളിൽ എ.കെ. ആൻറണി, ഉമ്മൻ ചാണ്ടി സർക്കാറുകളുടെ ശ്രമങ്ങളെ പരാമർശിച്ച കെ.വി. തോമസ് എം.പി രണ്ടാംഘട്ടം നിർമാണം വളരെവേഗം പൂർത്തിയാക്കിയ സംസ്ഥാന സർക്കാറിെന അഭിനന്ദിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും കേന്ദ്രത്തിന് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കാനുള്ള ഭാഷാപ്രാവീണ്യമില്ലാത്തതാണ് സഹായങ്ങൾ പലതും മുടങ്ങാൻ കാരണമെന്ന് മാസങ്ങൾക്ക് മുമ്പ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.