മണ്ണില്ലാ നടീൽ മിശ്രിതം വാണിജ്യാടിസ്​ഥാനത്തിൽ ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ കൈമാറി

കൊച്ചി: മണ്ണിന് പകരം ഉപയോഗിക്കാവുന്ന നടീൽ മിശ്രിതം വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദിപ്പിക്കാൻ കൂടുതൽ പേർ രംഗത്ത്. മണ്ണില്ലാ നടീൽ മിശ്രിതം വിപണിയിലെത്തിക്കാൻ സ്വയം സംരംഭകരാകാൻ മുന്നോട്ടുവന്നവർക്ക് എറണാകുളം കൃഷി വിജ്ഞാനകേന്ദ്രം (കെ.വി.കെ) സാങ്കേതികവിദ്യ കൈമാറി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തിന് (സി.എം.എഫ്.ആർ.ഐ) കീഴിലെ കെ.വി.കെ മാസങ്ങൾക്കുമുമ്പ് വികസിപ്പിച്ച മിശ്രിതം കൊച്ചി നഗരത്തിൽ ഏറെ പ്രചാരം നേടിയിരുന്നു. കെ.വി.കെയുടെ മേൽനോട്ടത്തിൽ സംഘങ്ങളായും ഒറ്റക്കും ഉൽപാദന യൂനിറ്റുകൾ തുടങ്ങുന്നതിന് സി.എം.എഫ്.ആർ.ഐയിൽ നടന്ന പരിശീലനത്തിൽ മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽനിന്നുള്ളവർ പങ്കെടുത്തു. സംരംഭകത്വ പരിശീലനത്തോടൊപ്പം മണ്ണില്ലാ നടീൽ മിശ്രിതം നിർമിക്കുന്നതി​െൻറ വിവിധ രീതികളുടെ പ്രദർശനവുമുണ്ടായിരുന്നു. പഞ്ചസാര മില്ലുകളിൽനിന്ന് പുറന്തള്ളുന്ന പ്രസ്മഡ് എന്ന ഉപോൽപന്നം കമ്പോസ്റ്റ് ചെയ്താണ് ഈ മിശ്രിതം നിർമിക്കുന്നത്. അഞ്ച് കിലോ പ്രസ്മഡ്, 2.5 കിലോ ചാണകപ്പൊടി, 2.5 കിലോ ചകിരിച്ചോർ, ഡോളമൈറ്റ്, സ്യൂഡോമൊണാസ്, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്തുണ്ടാക്കുന്ന ഈ മിശ്രിതം പോഷകസമ്പുഷ്ടവും പലതവണ ഉപയോഗിക്കാവുന്നതുമാണ്. കെ.വി.കെ നേരേത്ത നടത്തിയ വിപണനമേളയിൽ മിശ്രിതം വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. താൽപര്യമുള്ളവർക്ക് മണ്ണില്ലാ നടീൽ മിശ്രിതം ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യയും പരിശീലനവും തുടർന്നും നൽകുമെന്ന് കെ.വി.കെ മേധാവി ഡോ. ഷിനോജ് സുബ്രഹ്മണ്യൻ അറിയിച്ചു. ഫോൺ: 8281757450.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.