ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെൻറ് ബില്‍ : സേവനങ്ങള്‍ക്ക് ഗുണനിലവാരം ഉറപ്പാക്കും, വ്യാജന്മാരെ തടയും- -മന്ത്രി കെ.കെ. ശൈലജ കാക്കനാട്: ആരോഗ്യമേഖലയിലെ സ്ഥാപനങ്ങള്‍ നല്‍കുന്ന സേവനത്തിെൻറ ഗുണനിലവാരം ഉറപ്പാക്കി വ്യാജ ചികിത്സ നടത്തുന്നവരെ തടയുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെൻറ് ബില്‍ 2017 സംബന്ധിച്ച് പൊതുജനങ്ങളുടെയും വിവിധ സംഘടനകളുടെയും അഭിപ്രായം സ്വരൂപിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്തി കുറ്റമറ്റ ബിൽ അടുത്ത നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആരോഗ്യ-കുടുംബക്ഷേമ സബ്ജക്ട് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. അലോപ്പതി, ആയുര്‍വേദം, ഹോമിയോ സ്ഥാപനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കും. ഫാര്‍മസി, ലേബാറട്ടറി മേഖലകളുടെ പ്രതിനിധികളെ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ ആശുപത്രികളെ കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഹാന്‍ഡ് വാഷ് പ്രോട്ടോക്കോള്‍ പോലുള്ള കാര്യങ്ങള്‍ ചെയ്യാത്തത് കുറ്റകരമായ അനാസ്ഥയാണ്. പാരമ്പര്യ ചികിത്സാ അറിവുകള്‍ സംരക്ഷിക്കപ്പെടണം. അതേസമയം വ്യാജ ചികിത്സകരെ ഒഴിവാക്കും. ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍ മേഖലയില്‍ തൊഴില്‍ സംരക്ഷണം ഉറപ്പാക്കും. വ്യവസ്ഥാപിത രീതിയിലല്ലാതെ ആരോഗ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ പറഞ്ഞു. രജിസ്ട്രേഷന്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ പൂർണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും. നിലവില്‍ സ്വകാര്യ ലാേബാറട്ടറികളിലും മറ്റും പ്രവര്‍ത്തിച്ചുവരുന്ന ടെക്നീഷ്യന്‍മാരുടെ യോഗ്യത നിർണയിക്കുന്നതിന് തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് സര്‍ട്ടിഫിക്കേഷന്‍ ഏര്‍പ്പെടുത്തും. നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ എടുക്കുന്നതിന് രണ്ടു വര്‍ഷത്തെ സമയം അനുവദിക്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പരിശോധിക്കുന്ന സമിതിയില്‍ ബന്ധപ്പെട്ട ഗ്രൂപ്പിന് പ്രാതിനിധ്യമുണ്ടാകും. രണ്ടു വര്‍ഷത്തെ താൽക്കാലിക രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് നിര്‍ദിഷ്ട മാനദണ്ഡങ്ങള്‍ നടപ്പാക്കി സ്ഥിര രജിസ്ട്രേഷന്‍ എടുക്കണം. എന്‍.എ.ബി.എച്ച്, എന്‍.എ.ബി.എല്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയവര്‍ക്ക് മറ്റു പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരില്ല. വളരെയധികം മുതല്‍മുടക്കി മാത്രമേ എന്‍.എ.ബി.എച്ച് അക്രഡിറ്റേഷന്‍ സ്വന്തമാക്കാന്‍ കഴിയൂ. എന്നാല്‍, ഇത് പരിഹാരമായി എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷനും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എമാരായ എ.കെ. ശശീന്ദ്രന്‍, പ്രതിഭ ഹരി, പി.കെ. ബഷീര്‍, ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദന്‍, കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല, സ്റ്റേറ്റ് ഹെല്‍ത്ത് റിസോഴ്സ് സെൻറര്‍ കേരള എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ.എസ്. ഷിനു, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് അസിസ്റ്റൻറ് പ്രഫസര്‍ ഡോ. കമല, ഡി.എം.ഒ ഡോ. എന്‍.കെ. കുട്ടപ്പന്‍, ഡോ. ജെ. ബോബന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.