ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന ജില്ലയിലെ 19 ഗ്രാമപഞ്ചായത്ത് ഈ നില തുടർന്നാൽ പദ്ധതിയുടെ പണം ലഭിക്കാത്ത സ്ഥിതിവരുമെന്നും ജാഗ്രത പുലർത്തണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്ന ജില്ല വികസന കോഓഡിനേഷൻ-മോണിറ്ററിങ് സമിതി (ദിഷ) യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയായി മാർച്ച് 31വരെ ജില്ലക്ക് 85 കോടി കേന്ദ്ര സർക്കാറിൽനിന്ന് കുടിശ്ശിക ലഭിക്കാനുണ്ടെന്ന് പദ്ധതിയുടെ ജോയൻറ് േപ്രാഗ്രാം കോഓഡിനേറ്റർ പി. വിജയകുമാർ പറഞ്ഞു. ഈ വർഷത്തെ 10 കോടികൂടി കണക്കാക്കിയാൽ കുടിശ്ശിക 95 കോടി രൂപയാണ്.മാർച്ച് 31വരെ 2,50,156 കുടുംബങ്ങൾക്ക് തൊഴിൽ കാർഡ് ലഭ്യമാക്കി. 1,40,271 കുടുംബങ്ങൾക്ക് തൊഴിൽ നൽകി. പദ്ധതിയിലൂടെ 289.73 കോടി ചെലവഴിച്ചു. കൂലിയായി 246.88 കോടിയും സാധന-സാമഗ്രികൾക്ക് 30.82 കോടി യും ചെലവഴിച്ചു. മൊത്തം 78,46,190 തൊഴിൽദിനം സൃഷ്ടിച്ചു. ജില്ലയിലെ ശരാശരി തൊഴിൽദിനം 55.94 ആണ്. സംസ്ഥാന ശരാശരിയെക്കാൾ ജില്ല മുന്നിലെത്തി. 12,843 കുടുംബങ്ങൾക്ക് 100 ദിവസം തൊഴിൽ നൽകി. 36,645 പ്രവൃത്തികൾ ഏറ്റെടുത്തു. 27,169 എണ്ണം പൂർത്തീകരിച്ചു. വ്യക്തിഗത തൊഴിൽദിനം സൃഷ്ടിക്കുന്നതിലും ജില്ല സംസ്ഥാന ശരാശരിയായ 113.52 ശതമാനം മറികടന്ന് 140.42 ശതമാനമെന്ന നേട്ടം കൈവരിച്ചു. ഏറ്റവും കൂടുതൽ പ്രവൃത്തിദിനം നൽകിയത് കഞ്ഞിക്കുഴി ബ്ലോക്കാണ്, 10,97,716 ദിനം. ഹരിപ്പാട് 9,96,418 ദിനവും പട്ടണക്കാട് 9,80,146 ദിനവും സൃഷ്ടിച്ച് തൊട്ടുപിന്നിലെത്തി. 2,73,729 പ്രവൃത്തിദിനം നൽകിയ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തും 2,70,459 ദിനവുമായി തൃക്കുന്നപ്പുഴയും 2,68,118 ദിനം സൃഷ്ടിച്ച് മാരാരിക്കുളവും മികച്ച പ്രവർത്തനം കാഴ്ചെവച്ചു. ഏറ്റവും കൂടുതൽ 100 പ്രവൃത്തിദിനം നൽകിയത് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്താണ്. 1090 കുടുംബത്തിന് 100 ദിനം തൊഴിൽ നൽകി. തൃക്കുന്നപ്പുഴ 684 കുടുംബത്തിനും ബുധനൂർ 676 കുടുംബത്തിനും 100 തൊഴിൽ പ്രവൃത്തിദിനം നൽകി. ചേർത്തല തെക്ക് (0.04 ശതമാനം), ചേന്നം പള്ളിപ്പുറം(0.04 ശതമാനം), പുളിങ്കുന്ന് (0.05 ശതമാനം), മുതുകുളം (0.21 ശതമാനം), മുഹമ്മ (0.25 ശതമാനം) പഞ്ചായത്തുകൾ വേതനം നൽകുന്നതിൽ വേഗം കാട്ടി മികച്ച പ്രവർത്തനം നടത്തി. വേതനം നൽകുന്നതിൽ ഏറ്റവും കൂടുതൽ കാലതാമസം വരുത്തിയത് ആല (83.59 ശതമാനം), തകഴി (69.70 ശതമാനം), ചെട്ടികുളങ്ങര (61.12 ശതമാനം) ഗ്രാമപഞ്ചായത്തുകളാണ്. യോഗത്തിൽ ജില്ല പഞ്ചായത്ത് അംഗം ജോൺ തോമസ്, ചെങ്ങന്നൂർ നഗരസഭ ചെയർമാൻ ജോൺ എം. തോമസ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം േപ്രാജക്ട് ഡയറക്ടർ കെ.ആർ. ദേവദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.