മാന്നാർ: റോഡ് ഉദ്ഘാടനത്തിെൻറ പേരിൽ കോൺഗ്രസ്-ബി.ജെപി സംഘങ്ങൾ ഏറ്റുമുട്ടി. സംഭവത്തിൽ 25ഓളം ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം. ബുധനൂർ പഞ്ചായത്ത് ഉളുന്തി എട്ട്, ഒമ്പത് വാർഡുകളിൽക്കൂടി കടന്നുപോകുന്ന പുനർനിർമിച്ച പറയൻതാഴെ സ്കൂൾ റോഡിെൻറ ഉദ്ഘാടനത്തെച്ചൊല്ലി ഇരുവിഭാഗത്തിലുള്ള പഞ്ചായത്ത് അംഗങ്ങളായ രാജേഷും ജോസഫ്കുട്ടിയും തമ്മിലുണ്ടായ വാക്കേറ്റമാണ് കൈയാങ്കളിയിൽ കലാശിച്ചത്. 400 മീറ്റർ നീളവും ആറുമീറ്റർ വീതിയുമുള്ള റോഡിെൻറ പുനർനിർമാണം ഗുണഭോക്തൃ സമിതി നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. എം.പി ഫണ്ടിൽനിന്ന് 13 ലക്ഷവും പഞ്ചായത്തുഫണ്ടിൽനിന്ന് രണ്ടുലക്ഷവും ചെലവഴിച്ചായിരുന്നു നിർമാണം. ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിക്കുന്നത് തടയുമെന്ന് ഭീഷണിമുഴക്കിയാണ് എട്ടാം വാർഡിലെ ബി.ജെ.പി അംഗം രാജേഷിെൻറ നേതൃത്വത്തിൽ പ്രവർത്തകർ രംഗത്തെത്തിയത്. ആറോളം പ്രവർത്തകർ ബൈക്കിലെത്തി ഉളുന്തി സ്കൂൾ ജങ്ഷനിൽ സ്ഥാപിച്ചിരുന്ന ഉദ്ഘാടന ശിലാഫലകം കൂടം ഉപയോഗിച്ച് തകർത്തു. സമീപത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡും ബാനറുകളും തകർത്തു. പാർഥസാരഥി ക്ഷേത്രത്തിനുസമീപം കോൺഗ്രസുകാർ സ്ഥാപിച്ച സ്റ്റേജും ഇവർ കൈയേറി. പ്രകോപിതരായ കോൺഗ്രസ് പ്രവർത്തകർ എതിർപ്പുമായെത്തി. ഇരുവിഭാഗവും തമ്മിൽ മണിക്കൂറോളം തുടർന്ന പോർവിളിയിൽ നാട്ടുകാർ ഭയന്നു. സംഭവമറിഞ്ഞെത്തിയ മാന്നാർ, മാവേലിക്കര, വെൺമണി, ചെങ്ങന്നൂർ, കായംകുളം സ്റ്റേഷനുകളിലെ പൊലീസ് സംഘം ഇരുവിഭാഗവുമായി ചർച്ച നടത്തി. പൊലീസിെൻറ സമയോചിത ഇടപെടലാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കിയത്. പൊലീസ് ബി.ജെ.പി പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ഉദ്ഘാടനത്തിന് അനുമതി ഇല്ലാതെയാണ് മൈക്ക് സെറ്റ് പ്രവർത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. റോഡിെൻറ ഉദ്ഘാടനം മാറ്റിവെക്കണമെന്ന പഞ്ചായത്തുകമ്മിറ്റി തീരുമാനം മറികടന്നാണ് ജോസഫ്കുട്ടി കൊടിക്കുന്നിൽ സുരേഷ് എം.പിയെ ഉപയോഗപ്പെടുത്തി ഉദ്ഘാടനം നടത്തുന്നതെന്ന് രാജേഷ് പൊലീസിനോട് പറഞ്ഞു. ചെങ്ങന്നൂർ ഡിവൈ.എസ്.പി ശിവസുതൻപിള്ള, മാന്നാർ സി.ഐ ഷിബു പാപ്പച്ചൻ, എസ്.ഐമാരായ കെ. ശ്രീജിത്ത്, എസ്. ശ്രീകുമാർ, ജോസ്, രഹസ്യവിഭാഗം എസ്.ഐ രാമചന്ദ്രൻ, അനിൽകുമാർ എന്നിവരുടെ നേതൃത്തിലായിരുന്നു ക്രമസമാധാന നടപടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.