കോതമംഗലം: ടൂറിസം വികസനത്തിെൻറ പേരിൽ ഭൂതത്താൻകെട്ടിൽ കൈയേറ്റങ്ങൾ നിർബാധം തുടരുന്നു. ജില്ലയിലെ കൃഷി പരിപോഷിപ്പിക്കാനും കുടിവെള്ള ക്ഷാമം പരിഹരിക്കാനും വേണ്ടി ആരംഭിച്ച പെരിയാർവാലി ജലസേചന പദ്ധതിയുടെ വൃഷ്ടിപ്രദേശവും കനാൽ പുറമ്പോക്കുകളിലും കൈയേറ്റം തുടരുകയാണ്. ഡാമും പരിസരങ്ങളും ഉൾപ്പെട്ട മേഖലയിലെ ടൂറിസം വികസന സാധ്യതകൾ വർധിച്ചതോടെയാണ് കൈയേറ്റം വ്യാപകമായത്.ഭൂതത്താൻകെട്ട് ഡാമിലെ വൃഷ്ടിപ്രദേശത്തിനുള്ളിൽ മൂന്നോളം റിസോർട്ടുകൾ സ്ഥലം കൈയേറിയിട്ടുണ്ട്. റിസോർട്ടിലെത്തുന്ന താമസക്കാർക്ക് ബോട്ടിങ്ങിന് സൗകര്യം ഒരുക്കാൻ വേണ്ടി റിസോർട്ടുകളിൽനിന്ന് മീറ്ററുകളോളം വൃഷ്ടിപ്രദേശം കൈയേറിയാണ് യാർഡുകൾ നിർമിച്ചിരിക്കുന്നത്. ഡാം സുരക്ഷ ഒരുക്കുന്നതിെൻറ ഭാഗമായി ഷട്ടറുകളുടെ അറ്റകുറ്റപ്പണികൾക്ക് വർഷക്കാലത്ത് വെള്ളം പൂർണമായും തുറന്നുവിടുന്ന സമയത്താണ് കൈയേറ്റം നടക്കുന്നത്. ഓഫിസിലിരുന്ന് നോക്കിയാൽപോലും കാണാവുന്ന ദൂരത്ത് നടക്കുന്ന കൈയേറ്റങ്ങൾക്ക് അധികൃതർ ഒത്താശ ചെയ്യുന്നതായുള്ള ആരോപണം ശക്തമാണ്. ജലസേചനത്തിനുള്ള കനാൽ നിർമാണത്തിന് ഹെക്ടർ കണക്കിന് സ്ഥലം എറ്റെടുത്തിരുന്നു. കനാൽ നിർമാണത്തിന് ശേഷം അവശേഷിച്ച സ്ഥലങ്ങളിൽ ഭൂരിഭാഗവും കൈയേറിയ നിലയിലാണ്. ഏറ്റെടുത്ത സ്ഥലം സംബന്ധിച്ചോ അവശേഷിക്കുന്ന സ്ഥലത്തെക്കുറിച്ചോ ഒരു ധാരണയും ഇല്ലാത്ത വിധമാണ് അധികൃതരുടെ നടപടികൾ. സ്വകാര്യ ഗ്രൂപ്പുകൾക്ക് ഡാമിനകത്ത് ഉല്ലാസ ബോട്ട് യാത്രക്ക് അനുമതി നൽകിയതോടെ കൈയേറ്റത്തോടൊപ്പം മലിനീകരണവും വർധിച്ചു. ഉല്ലാസയാത്രക്ക് എത്തുന്നവർ വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കിറ്റുകളും വൃഷ്ടിപ്രദേശത്തും പുഴയോരത്തും കുമിഞ്ഞുകൂടി പരിസ്ഥിതിനാശത്തിന് ആക്കം കൂട്ടുന്ന സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.