കാക്കനാട്: തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബക്ഷേമ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിനെ ചൊല്ലി പി.ടി. തോമസ് എം.എല്‍.എയും നഗരസഭയും തമ്മില്‍ തര്‍ക്കം. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിലെ തൃക്കാക്കര പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബക്ഷേമ കേന്ദ്രമാക്കി ഉയര്‍ത്താന്‍ നഗരസഭ ശ്രമിക്കുന്നില്ലെന്നാണ് എം.എ ല്‍.എയുടെ ആരോപണം. ആരോഗ്യ കേന്ദ്രത്തിനായി നീക്കിവെച്ച എം.എല്‍.എ ഫണ്ട് ചെലവഴിക്കാന്‍ കഴിയാത്ത സാഹചര്യമാണ് നഗരസഭ സൃഷ്ടിച്ചത്. സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സിലെ പരിമിത സ്ഥലസൗകര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിന് സ്ഥലം ലഭ്യമാക്കിയാല്‍ കെട്ടിടം നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കുമെന്ന് എം.എല്‍.എ വ്യക്തമാക്കി. നിയമസഭ സമ്മേളനം കഴിഞ്ഞാലുടന്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് കുടുംബക്ഷേമ കേന്ദ്രം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. എന്നാല്‍, പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ നഗരസഭ നടപടി സ്വീകരിച്ചിട്ടില്ല. മുന്‍ യു.ഡി.എഫ് നഗരസഭ ഭരണ സമിതി എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് ജങ്ഷന് സമീപം നിര്‍മിച്ച ആശുപത്രി കെട്ടിടം ഇതുവരെ തുറന്നിട്ടില്ല. 650 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള കെട്ടിടം ആശുപത്രിക്ക് അനുയോജ്യമല്ലെന്നാണ് ജില്ല മെഡിക്കല്‍ ഓഫിസര്‍ റിപ്പോര്‍ട്ട്് നല്‍കിയത്. ഇതോടെ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സില്‍ താൽക്കാലികമായി തുടങ്ങിയ ആശുപത്രിയുടെ പ്രവര്‍ത്തനം അവിടെനിന്ന് മാറ്റാന്‍ കഴിയാത്ത അവസ്ഥയാണ്. ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മിച്ച ആശുപത്രി കെട്ടിടം പാഴ്വേലയായി. എം.എല്‍.എയുടെ പാര്‍ട്ടിയിലെ നേതാക്കളാണ് ആശുപത്രി കെട്ടിടം നിര്‍മിച്ച് ധൂര്ത്തടിച്ചതെന്നാണ് നഗരസഭ ഭരണസമിതിയുടെ ആരോപണം. പ്രാഥമികാരോഗ്യ കേന്ദ്രം കെട്ടിടത്തില്‍ നഗരസഭയുടെ ഹോമിയോ ആശുപത്രിയാക്കി മാറ്റാനാണ് തീരുമാനമെന്ന് നഗരസഭ വ്യക്തമാക്കി. എൻ.ജി.ഒ ക്വാര്‍ട്ടേഴ്സ് ജങ്ഷന് സമീപം കൊച്ചി മെട്രോ ബിസിനസ് ഡിസ്ട്രിക് പദ്ധതിക്കായി ഏറ്റെടുത്ത ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സിലായിരുന്നു കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് താൽക്കാലികമായി മാറ്റിയത്. എന്നാല്‍, എന്‍.പി.ഒ.എല്ലിന് സമീപം നഗരസഭ പുതിയ ആശുപത്രി കെട്ടിടം നിര്‍മിച്ചെങ്കിലും സൗകര്യമില്ലാത്തതിനാല്‍ കെട്ടിടം അടച്ചിട്ടിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.