ആലപ്പുഴ: മുഹമ്മയിലെ പി. കൃഷ്ണപിള്ള സ്മാരകം തകർത്ത സംഭവത്തിലെ പ്രതികളെ പൊലീസ് അപമാനിച്ചെന്ന് ആരോപിച്ച് നൽകിയ കേസ് മനുഷ്യാവകാശ കമീഷെൻറ മുന്നീൽ വീണ്ടും പരിഗണനക്കെത്തി. കഴിഞ്ഞ സിറ്റിങ്ങിൽ കേസിലെ പ്രതികൾ ഹാജരാകാത്തതിനെ തുടർന്നാണ് കേസ് ചൊവ്വാഴ്ച പരിഗണിച്ചത്. കളപ്പുര ഗസ്റ്റ് ഹൗസിൽ നടന്ന സിറ്റിങ്ങിൽ ആക്ടിങ് ചെയർമാൻ പി. മോഹനദാസിെൻറ മുമ്പാകെ കേസിലെ പരാതിക്കാരും പ്രതികളുമായ സാബു, പ്രമോദ്, രാജേഷ് രാജൻ എന്നിവർ ഹാജരായി. മുൻ എസ്.പി, പൊലീസുകാരായ ജയരാജ്, ശ്യാംജി, അലിക്കുഞ്ഞ് എന്നിവരാണ് എതിർ കക്ഷികൾ. പൊലീസ് പൊതുനിരത്തിലൂടെ കൈയാമം വെച്ച് തങ്ങളെ നടത്തിയെന്ന് ആരോപിച്ച് പ്രതികൾ 2015ലാണ് കമീഷനെ സമീപിച്ചത്. എതിർകക്ഷികൾ ഹൈകോടതിയിൽ എതിർ സത്യവാങ്മൂലം നൽകിയിരുന്നു. കേസ് വ്യാജമാണെന്നും വിഷയം ഹൈകോടതിയുടെ മുന്നിൽ നിൽക്കുന്നതിനാൽ കമീഷന് പരിഗണിക്കാൻ അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. തുടർന്ന് ഹൈകോടതി ഇതിെൻറ സാധ്യത സംബന്ധിച്ച് കമീഷന് നിരവധി റിപ്പോർട്ടുകൾ നൽകിയിരുന്നു. പിന്നീട് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ കമീഷൻ തന്നെ ഇടപെട്ട് പരാതിക്കാരെ കേസ് എവിടെ പരിഗണിക്കണമെന്നത് സംബന്ധിച്ച് അഭിപ്രായ സമവായം ഉണ്ടാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, അതെല്ലാം പരാജയപ്പെട്ടു. കമീഷന് മുന്നിൽവെച്ചുതന്നെ പരാതിക്ക് പരിഹാരം കാണണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു പരാതിക്കാർ. കേസ് ചൊവ്വാഴ്ചയും കമീഷന് മുന്നിൽ പരിഗണനക്ക് എത്തിയപ്പോഴേക്കും നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഉറച്ചുനിന്നു. തർക്കം നീണ്ടുപോകുന്നതിനെ തുടർന്ന് കേസ് എവിടെ പരിഗണിക്കണമെന്ന് അന്തിമ തീരുമാനം എടുക്കാൻ 30ന് ആലപ്പുഴയിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിലേക്ക് കേസ് മാറ്റിയതായി കമീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.