ആലപ്പുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളില്‍ കടല്‍ക്ഷോഭം നേരിടുന്നതിന് കടല്‍ഭിത്തിയും പുലിമുട്ടും നിർമിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് നിയമസഭയില്‍ പറഞ്ഞു. ഈ വിഷയം സംബന്ധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ആറാട്ടുപുഴ പഞ്ചായത്തില്‍ വലിയഴീക്കലില്‍ 150 മീറ്റര്‍ കടല്‍ ഭിത്തിയുടെ നിർമാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള 400 മീറ്റര്‍ ഭാഗത്ത് ജിയോ സിസ്റ്റം ഉപയോഗിച്ചുള്ള നാല് പുലിമുട്ട് ശൃംഖലയുടെ നിർമാണത്തിനുള്ള എസ്റ്റിമേറ്റ് തയാറാക്കിവരികയാണ്. തുടര്‍ന്നുള്ള 600 മീറ്റര്‍ നീളം തീരസംരക്ഷണത്തിനായി അഞ്ച് പുലിമുട്ടുകളുടെ നിർമാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കാര്‍ഗിലില്‍ 600 മീറ്റര്‍ നീളത്തിലും പെരുമ്പള്ളിയില്‍ 600 മീറ്റര്‍ നീളത്തിലും നാല് പുലിമുട്ടുകള്‍ വീതം പൂര്‍ത്തിയായിട്ടുണ്ട്. പെരുമ്പള്ളിയില്‍ 300 മീറ്റര്‍ പുതിയ കടല്‍ഭിത്തിക്കും 200 മീറ്റര്‍ നിലവിലുള്ള കടല്‍ഭിത്തിയുടെ പുനരുദ്ധാരണത്തിനുമുള്ള എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. ആറാട്ടുപുഴ പഞ്ചായത്തില്‍ 12 പുലിമുട്ടുകളുടെ നിർമാണം നബാര്‍ഡ് ധനസഹായത്തോടെ പൂര്‍ത്തിയായി. ശക്തമായ കടലാക്രമണം നേരിടുന്നതിന് വട്ടച്ചാലില്‍ 1.80 കി. മീറ്ററില്‍ ഐ.ഐ.ടി പഠന പ്രകാരം 16 പുലിമുട്ട് ശൃംഖലക്കും ആറാട്ടുപുഴ ജങ്ഷനില്‍ 1.20 കി.മീ നീളത്തില്‍ ഐ.ഐ.ടി പഠന റിപ്പോര്‍ട്ട് പ്രകാരം 21 പുലിമുട്ട് ശൃംഖലയുടെയും നിർമാണത്തിനുള്ള എസ്റ്റിമേറ്റ് കിഫ്ബിയുടെ ധനസഹായത്തിനായി സമര്‍പ്പിച്ചു. വലിയഴീക്കല്‍ തറയില്‍കടവ് പ്രദേശത്ത് 150 മീറ്റര്‍ നീളത്തില്‍ നിലവിലെ കടല്‍ഭിത്തിയുടെ പുനരുദ്ധാരണം അത്യാവശ്യമാണ്. തൃക്കുന്നപ്പുഴ പഞ്ചായത്തില്‍ 700 മീറ്റര്‍ നീളത്തില്‍ കടല്‍ഭിത്തിയുടെ പുനര്‍നിർമാണം പൂര്‍ത്തിയായിട്ടുണ്ട്. 200 മീറ്റര്‍ കടല്‍ഭിത്തിയുടെ നിർമാണത്തിനുള്ള ടെൻഡര്‍ നടപടികള്‍ നടന്നുവരുന്നു. അതിരൂക്ഷമായ കടലാക്രമണം നേരിടാൻ പതിയാങ്കരയില്‍ 1.50 കി.മീ. നീളത്തില്‍ ഐ.ഐ.ടി പഠന റിപ്പോര്‍ട്ട് പ്രകാരം 13 പുലിമുട്ടുകളുടെ എസ്റ്റിമേറ്റ് കിഫ്ബിയില്‍ സമര്‍പ്പിച്ചു. പാനൂരില്‍ ഐ.ഐ.ടി പഠന റിപ്പോര്‍ട്ടിെൻറ അടിസ്ഥാനത്തില്‍ 650 ലക്ഷം രൂപ അടങ്കലില്‍ 300 മീറ്റര്‍ കടല്‍ ഭിത്തിക്കുള്ള എസ്റ്റിമേറ്റ് എന്‍ജിനീയര്‍ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി മറുപടിയായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.