മൂവാറ്റുപുഴ: നഗരസഭയുടെ മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങൾ കട്ടപ്പുറത്തായതോടെ നഗരത്തിലെ മാലിന്യനീക്കം നിലച്ചു. നാല് ട്രാക്ടറുകളടക്കം ഏഴോളം വാഹനങ്ങളാണ് നഗരസഭക്കുള്ളത്. ഇതിൽ നാലെണ്ണം കട്ടപ്പുറത്തായിട്ട് ഒരാഴ്ച പിന്നിട്ടു. ഇതോടെയാണ് പട്ടണത്തിലെ മാലിന്യനീക്കം പൂർണമായി സ്തംഭിച്ചത്. കഴിഞ്ഞ നാലുദിവസമായി മാലിന്യം നീക്കിയിട്ടില്ല. ഇതിനിടെ മാലിന്യം നീക്കുന്നതിനായി പുതിയ ട്രാക്ടർ കൂടി കഴിഞ്ഞ ദിവസം നഗരസഭ വാങ്ങിയെങ്കിലും അടിയന്തര ഘട്ടമായിട്ടുപോലും ഇത് പുറത്തിറക്കിയില്ല. വാഹനം ഉദ്ഘാടനം നടത്തിയിട്ടുമതി ചവറുനീക്കമെന്ന തീരുമാനമാണ് ഇതിനു പിന്നിൽ. കൂടാതെ ജീവനക്കാരുടെ കുറവുമുണ്ട്. എട്ടുപേർ വിരമിച്ചിട്ടും പകരം ജീവനക്കാരെ എടുക്കാൻ തയാറായിട്ടില്ല. 10 പേരെ പുതുതായി എടുക്കാൻ ആറുമാസം മുമ്പ് ചേർന്ന കൗൺസിൽ യോഗം തീരുമാനിെച്ചങ്കിലും ഇക്കാര്യം ഇതുവരെ എംപ്ലോയ്മെൻറിൽ അറിയിച്ചിട്ടില്ല. ഇ.ഇ.സി മാർക്കറ്റ് റോഡ്, മാർക്കറ്റ് റോഡ്, കീച്ചേരിപ്പടി, വൺേവ, ബസ് സ്റ്റാൻഡ് പരിസരം, പി.ഒ ജങ്ഷൻ, ആരക്കുഴ കവല തുടങ്ങിയ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മാലിന്യം കുമിഞ്ഞുകൂടി. നഗരത്തോടടുത്ത പായിപ്ര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയുമടക്കമുള്ള പകർച്ചവ്യാധികൾ പടരു ന്നതിനിടെ നഗരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയത് ജനങ്ങളിൽ ഭീതി പരത്തുന്നുണ്ട്. പലയിടത്തും റോഡിലേക്കും മാലിന്യപ്പൊതികൾ നീണ്ടുകഴിഞ്ഞു. വാഹനങ്ങൾ കയറി ചാക്കുകെട്ടുകളും പ്ലാസ്റ്റിക് ബാഗുകളുംപൊട്ടി മാലിന്യം റോഡിൽ നിറഞ്ഞതോടെ കാൽ നടയും ദുസ്സഹമായി. ദുർഗന്ധവും രൂക്ഷമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.