കൊച്ചി: വൈറ്റില ഫ്ലൈ ഓവര്‍ നിര്‍മാണം ആര് നടത്തുമെന്നത് സംബന്ധിച്ച് സർക്കാർ വ്യക്തമായ നിലപാട് അറിയിക്കണമെന്ന് ഹൈകോടതി. ദേശീയപാത അതോറിറ്റി നിർമാണത്തിന് തയാറാണോ, ടോൾ പിരിവടക്കം അവരുടെ ഉപാധികൾ അംഗീകരിക്കാൻ തയാറാകുമോ, ഉപാധികൾ അംഗീകരിക്കാൻ തയാറല്ലെങ്കിൽ സ്വന്തം ചെലവിൽ സർക്കാറിന് നിർമാണം നടത്താൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളിൽ നിലപാട് വ്യക്തമാക്കാനാണ് നിർദേശം. 2017 സെപ്റ്റംബറില്‍ ഫ്ലൈ ഓവര്‍ യാഥാർഥ്യമാകുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഹൈകോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വൈറ്റില സ്വദേശി ഫ്രാന്‍സിസ് മാഞ്ഞൂരാൻ നൽകിയ ഹരജിയാണ് പരിഗണനയിലുള്ളത്. ഇതിനിടെ, ദേശീയപാത അതോറിറ്റിതന്നെ ഫ്ലൈ ഒാവർ നിർമാണം നടത്താനുള്ള സാധ്യതയാണുള്ളതെന്ന് വ്യക്തമാക്കി സർക്കാർ കോടതിയിൽ വിശദീകരണപത്രിക സമർപ്പിച്ചു. 17 കിലോമീറ്റർ വരുന്ന ദേശീയപാതയുടെ ഭാഗമായ ഇടപ്പള്ളി ഫ്ലൈ ഓവര്‍ മെട്രോ റെയിൽ കോർപറേഷനും പാലാരിവട്ടത്തേത് ആർ.ബി.ഡി.സി.കെയും പൂർത്തിയാക്കിയ സാഹചര്യത്തിൽ വൈറ്റില, കുണ്ടന്നൂർ ഫ്ലൈ ഓവറുകളുടെ നിർമാണം ദേശീയപാത അതോറിറ്റിയുടെ പരിഗണനയിലാണെന്നാണ് അവർ വ്യക്തമാക്കിയത്. വെങ്ങാലത്തുനിന്ന് ഇടപ്പള്ളിക്കും അവിടെനിന്ന് തുറവൂർക്കും എൻ.എച്ച്.ഡി.പി (ദേശീയപാത വികസന പദ്ധതി) പ്രകാരം നാലുവരി പാത നിർമാണം പരിഗണനയിലുള്ളതിനാൽ വൈറ്റില ഫ്ലൈ ഓവറും ഇതോടൊപ്പം ഉദ്ദേശിക്കുന്നതായി ദേശീയപാത അതോറിറ്റി അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനാൽ, വൈറ്റില ഫ്ലൈ ഓവര്‍ ദേശീയപാത അതോറിറ്റി ഏറ്റെടുക്കാനുള്ള പൂർണ സാധ്യത നിലനിൽക്കുകയാണ്. അനുകൂല തീരുമാനം അതോറിറ്റിയിൽനിന്ന് കാത്തിരിക്കുകയാണ്. സംസ്ഥാന ബജറ്റിലും വൈറ്റില ഫ്ലൈ ഓവര്‍ പദ്ധതി ഉൾപ്പെടുത്തിയതായും പൊതുമരാമത്ത് എക്സി. എൻജിനീയർ വി.കെ. ശ്രീമാല നൽകിയ വിശദീകരണപത്രികയിൽ പറയുന്നു. 2014 ഫെബ്രുവരിയിൽ 109 കോടി ചെലവിൽ ഭരണാനുമതി ലഭിച്ചു. ഫ്ലൈ ഒാാവറിന് ദേശീയ പാത അതോറിറ്റി പദ്ധതി തയാറാക്കിയെങ്കിലും വിപുല സ്ഥലമെടുപ്പും പുനരധിവാസവും വേണ്ടതിനാൽ അനുമതി ലഭിച്ചില്ല. 2016 ജനുവരി എട്ടിന് ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കത്തെഴുതി. എന്നാൽ, ആവശ്യം അംഗീകരിക്കാതിരുന്ന അതോറിറ്റി സ്വന്തം ചെലവിൽ നിർമിക്കുന്നതിന് സർക്കാറിന് എൻ.ഒ.സി നൽകി. തുടർന്ന് പൊതുമരാമത്ത് വിപുല പദ്ധതി തയാറാക്കി. ഭരണാനുമതിയും നൽകി. 2016 ഒക്ടോബർ മൂന്നിന് ചേർന്ന യോഗത്തിൽ നിർമാണം ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്ന ആവശ്യം വീണ്ടും സർക്കാർ ഉന്നയിച്ചു. സർക്കാർ സ്വയം നിർമാണം ഏറ്റെടുക്കണമെന്നും എൻ.ഒ.സി നേരേത്ത നൽകിയതായും അതോറിറ്റി മറുപടിനൽകി. േകന്ദ്ര ഗതാഗതമന്ത്രാലയത്തിന് കത്തെഴുതി വീണ്ടും മുഖ്യമന്ത്രി വിഷയം ഉയർത്തിക്കൊണ്ടുവന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പൊതുമരാമത്ത്, ദേശീയ പാത അതോറിറ്റി പ്രതിനിധികളുടെ യോഗം ഡൽഹിയിൽ നടന്നു. തുടർന്നാണ് അതോറിറ്റി ഫ്ലൈ ഒാവർ നിർമാണം ഏറ്റെടുക്കാനുള്ള സാധ്യത സജീവമായത്. ഇൗ സാഹചര്യത്തിൽ ഹരജി തള്ളണമെന്നാണ് സർക്കാർ നൽകിയ വിശദീകരണപത്രികയിലെ ആവശ്യം. നിർമാണം ഏറ്റെടുത്താൽ ടോൾ പിരിവ് ഉൾപ്പെടെ നടപ്പാക്കേണ്ടിവരുമെന്ന നിലപാട് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചിട്ടുണ്ട്. തുടർന്നാണ് സർക്കാറിനോട് നിലപാട് തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.