അ​മ്പ​ല​പ്പു​ഴ​യി​ൽ ഇ​ട​പാ​ടു​കാ​രെ ക​ബ​ളി​പ്പി​ച്ച് കോ​ടി​ക​ളു​മാ​യി മു​ങ്ങി​യ ചി​ട്ടി​യു​ട​മ അ​റ​സ്​​റ്റി​ൽ

അമ്പലപ്പുഴ: അമ്പലപ്പുഴ കച്ചേരി ജങ്ഷനിൽ ചിട്ടി സ്ഥാപനവും സ്വകാര്യ ബാങ്കും നടത്തി ഇടപാടുകാരെ കബളിപ്പിച്ച് കോടികളുമായി മുങ്ങിയ ചിട്ടിയുടമ അറസ്റ്റിൽ. അമ്പലപ്പുഴ തെക്കെമഠം ഫൈനാൻസിയേഴ്സ് ഉടമ ആമയിട തെക്കേമഠത്തിൽ മോഹനപ്പണിക്കരെയാണ് (55) ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. കൊല്ലം കൊട്ടാരക്കരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയാണെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് എത്തി പിടികൂടുകയായിരുന്നു. ചിട്ടിനടത്തിപ്പിൽ 10 കോടിയിൽപരം രൂപ പിരിച്ചതായാണ് ഇടപാടുകാർ അമ്പലപ്പുഴ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. രണ്ടാഴ്ചയായി ചിട്ടി സ്ഥാപനവും ബാങ്കും പൂട്ടിയ നിലയിലാണ്. ഉടമ മുങ്ങിയതറിഞ്ഞ് ദിനംപ്രതി നൂറുകണക്കിന് ഇടപാടുകാർ ബാങ്കുടമയെ അന്വേഷിച്ച് നടക്കുകയായിരുന്നു. അമ്പലപ്പുഴയിലും കരുമാടിയിലും ആമയിടയിലുമുള്ള വീടുകളിൽ എത്തിയെങ്കിലും അറിയില്ലെന്നാണ് ബന്ധുക്കൾ മറുപടി പറഞ്ഞത്. കഴിഞ്ഞ 32 വർഷമായി അമ്പലപ്പുഴ കച്ചേരി ജങ്ഷനിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഇടപാടുകാരുടെ വിശ്വാസം ആർജിച്ച് മുന്നോട്ടുപോകുകയായിരുന്നു. ദിനംപ്രതി പണം പിരിക്കുന്ന ചിട്ടിയും നടത്തിയിരുന്നു. പലരും 50,000 രൂപ മുതൽ 50 ലക്ഷം വരെ നിക്ഷേപം നടത്തിയതായിട്ടാണ് പ്രാഥമിക വിവരം. സ്വർണപ്പണയ ഇടപാടുകളും ഉണ്ടായിരുന്നു. ഇത്തരത്തിൽ നൂറുകണക്കിന് പവൻ സ്വർണ പണയം വെച്ചവരുണ്ട്. പെൺമക്കളുടെ വിവാഹ ആവശ്യത്തിനും വീടും സ്ഥലവും വാങ്ങുന്നതിനുമായിട്ടാണ് പലരും നിക്ഷേപം നടത്തിയത്. ഉടമ മുങ്ങിയതിനുശേഷം ഇടപാടുകാർ നെട്ടോട്ടത്തിലായിരുന്നു. ചിട്ടിയുടമയെ കൊട്ടാരക്കരയിൽ വെച്ച് അറസ്റ്റ് ചെയ്തത് അറിഞ്ഞ് പല ഇടപാടുകാരും അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടുവരുകയാണ്. പ്രാഥമിക ചോദ്യം ചെയ്യലിൽ സാമ്പത്തികമായി തകർച്ചയിലാണെന്നും ആത്മഹത്യയുടെ വക്കിലായിരുന്നുവെന്നും ചിട്ടിയുടമ പൊലീസിനോട് പറഞ്ഞു. എന്നാൽ, സ്ഥിരം നിക്ഷേപം നടത്താനുള്ള ലൈസൻസ് ഇയാൾക്ക് ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. നോട്ട് നിരോധനത്തോടെ എത്തിയ വൻ നിക്ഷേപങ്ങൾ പുതിയ നോട്ടാക്കി തിരികെ നൽകാൻ കഴിയാതിരുന്നതാണ് സ്ഥാപന നടത്തിപ്പിന് തടസ്സമായതെന്നും മോഹനപ്പണിക്കർ പൊലീസിനോട് പറഞ്ഞു. സൗത് ഇന്ത്യൻ ബാങ്കിൽനിന്ന് 50 ലക്ഷം രൂപയുടെ സ്വർണ ഉരുപ്പടി, നിക്ഷേപത്തിെൻറ രേഖകൾ എന്നിവ ഇയാളിൽനിന്ന് പൊലീസ് കണ്ടെത്തി. അമ്പലപ്പുഴ എസ്.െഎ എം. രജീഷ് കുമാറിെൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മോഹനപ്പണിക്കരെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. പിന്നീട് കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് പറഞ്ഞു. അമ്പലപ്പുഴയിൽ ഇതിനുമുമ്പും ഇത്തരത്തിൽ സ്വകാര്യ ചിട്ടി സ്ഥാപനങ്ങൾ നടത്തി നിക്ഷേപകരുടെ പണവുമായി ഉടമകൾ മുങ്ങിയിട്ടുണ്ട്. എന്നാൽ, കേസ് അന്വേഷണം മന്ദഗതിയിലാകുമ്പോൾ ഇടപാടുകാരെ പറ്റിച്ചവർ നാട്ടിലേക്ക് മടങ്ങിവരുകയാണ് ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.