പറവൂർ: നവീകരിച്ച കേസരി ബാലകൃഷ്ണപിള്ള മെമ്മോറിയൽ ടൗൺ ഹാൾ വാടക നഗരസഭ തീരുമാനിച്ചു. വാടക നാലു മുതൽ ആറിരട്ടി വരെ വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ യോഗത്തിൽനിന്ന് വാക്കൗട്ട് നടത്തി. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെയാണ് രണ്ടു കോടി 13 ലക്ഷം രൂപ െചലവിൽ നവീകരിച്ചത്. എ.സി ഹാളിന് 32500 രൂപയും ഇല്ലാത്തതിന് 18500 രൂപയുമാണ് വാടക. കഴിഞ്ഞ കൗണ്‍സിലിൽ ഇതേ തുക വാടകയായി അജണ്ടയിൽ അവതരിപ്പിച്ചെങ്കിലും പ്രതിപക്ഷം എതിർത്തിരുന്നു. വിവാഹാവശ്യങ്ങൾക്കും മറ്റു ചടങ്ങുകൾക്കും പാചകം ചെയ്യാന്‍ മുമ്പുണ്ടായിരുന്ന സൗകര്യം ഇല്ലാതാക്കി. 350 പേർക്ക് ഇരിക്കാവുന്ന ബാൽക്കണി, പാർക്കിങ് എന്നീ സൗകര്യം ഇല്ലാതാക്കിയാണ് വാടക വർധിപ്പിച്ചതെന്ന് പ്രതിപക്ഷം പറഞ്ഞു. പ്രതിപക്ഷം നിർദേശിച്ച നിരക്കുകൾ അംഗീകരിക്കാത്തതിനാലാണ് ഇറങ്ങിപ്പോയതെന്ന് കൗൺസിലർമാർ പറഞ്ഞു. തുടർന്ന് മുനിസിപ്പൽ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തി. ബി.ജെ.പി കൗൺസിലർ സ്വപ്ന സുരേഷും പ്രതിഷേധം രേഖപ്പെടുത്തി ഇറങ്ങിപ്പോയി. നഗരത്തിൽ മറ്റുള്ള ഹാളുകളെക്കാൾ വളരെ കുറവാണ് ടൗൺഹാളിന് നിശ്ചയിച്ച വാടകയെന്ന് നഗരസഭാധ്യക്ഷൻ പറഞ്ഞു. കെ.യു.ഡി.എഫ്.സിയിൽനിന്ന് രണ്ടുകോടി വായ്പയെടുത്താണ് നവീകരണം നടത്തിയത്. 385000 രൂപ പ്രതിമാസം എട്ടു കൊല്ലത്തോളം ബാങ്കിൽ അടക്കണം. അതുകൂടി മുന്നിൽക്കണ്ടാണ് വാടക നിശ്ചയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കലാസാംസ്കാരിക രാഷ്ട്രീയ പരിപാടികൾക്ക് എ.സി ഇല്ലാതെ 12000. പകുതി ദിവസത്തേക്ക് 6000. മിനിഹാളിന് 4000. പകുതി ദിവസത്തേക്ക് 2000 എന്നിങ്ങനെയാണു നിരക്ക്. വൈദ്യുതി, ക്ലീനിങ് ഉൾപ്പെടെയാണിത്. ഹാളിൽ പാചകം അനുവദിക്കില്ല. ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കുന്നതിെൻറ ഭാഗമായി ബുക്ക് ചെയ്യുന്നവർക്കു സൗജന്യമായി ഉപയോഗിക്കാൻ 2000 സ്റ്റീൽ ഗ്ലാസുകൾ വാങ്ങും. പാർക്കിങ് ഏരിയ അപര്യാപ്തമാണെന്ന പ്രതിപക്ഷ അഭിപ്രായെത്തതുടർന്ന് നഗരസഭയുടെ പഴയ പാർക്കിൽ പാർക്കിങ് അനുവദിക്കാമെന്ന് ചെയർമാൻ നിർദേശിച്ചു. ഇത് പ്രത്യേക അജണ്ടവെച്ച് ചർച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനാൽ മാറ്റിവെച്ചതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.