ഹോര്‍ട്ടികോര്‍പ്പിലെ അഴിമതി ഇല്ലാതാക്കും –ചെയര്‍മാന്‍

കൊച്ചി: ഹോര്‍ട്ടികോര്‍പ്പിലെ അഴിമതി എന്തുവിലകൊടുത്തും ഇല്ലാതാക്കുമെന്ന് ചെയര്‍മാന്‍ വിനയന്‍. ഹോര്‍ട്ടികോര്‍പ്പിലെ പ്രതിസന്ധികളെക്കുറിച്ച് ‘മാധ്യമം’ ഞായറാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടി നിലകൊള്ളേണ്ട സ്ഥാപനം ചില സ്വകാര്യവ്യക്തികള്‍ മാത്രം ഉപയോഗപ്പെടുത്തുകയാണ്. എല്ലാ ജില്ലയിലും പച്ചക്കറി വിപണനം ചെയ്യുന്നവര്‍ കുടുംബവീട്ടിലെ പണംപോലെയാണ് ഉപയോഗിക്കുന്നത്. ഉത്തരവാദിത്തം ഏറ്റെടുത്ത് രണ്ടരമാസം പിന്നിടുമ്പോഴേക്കും ഇത് മനസ്സിലാക്കിയിട്ടുണ്ട്. കൃത്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങുതടിയായി നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. ഏജന്‍റുമാരില്‍നിന്ന് പ്രതിമാസം ലക്ഷങ്ങളുടെ പച്ചക്കറി വാങ്ങി വില്‍പനക്കുശേഷം നഷ്ടക്കണക്ക് സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കുന്നത് ഉത്തരവാദിത്തമില്ലായ്മയാണ്. ഇത് നാളുകളായി തുടരുകയാണ്. സംശയം തോന്നിയ ചില ഏജന്‍റുമാരില്‍നിന്ന് പച്ചക്കറി വാങ്ങുന്നത് നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് ചില ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം താല്‍ക്കാലിക ഉദ്യോഗസ്ഥരെ മാറ്റി കൃഷി വകുപ്പില്‍നിന്ന് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പച്ചക്കറി വാങ്ങാനും ജില്ല ഓഫിസിന് നല്‍കാനും തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി നാല് സംഘത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ഇവര്‍ വാങ്ങുന്ന പച്ചക്കറികള്‍ സ്റ്റാളുകളിലത്തെും. കൃഷിമന്ത്രി, ഹോര്‍ട്ടികോര്‍പ് ചെയര്‍മാന്‍, ജില്ല മാനേജര്‍മാര്‍, ഉന്നത ഉദ്യോസ്ഥന്മാര്‍ എന്നിവരടങ്ങിയ വാട്സ്ആപ് ഗ്രൂപ് തുടങ്ങി പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കിയിട്ടുണ്ട്. ഓരോ ദിവസത്തെയും കാര്യങ്ങള്‍ അറിയിക്കണമെന്ന് നിര്‍ദേശവും നല്‍കി. ശമ്പളം ഉള്‍പ്പെടെ എല്ലാ പണമിടപാടുകളും കേന്ദ്രീകൃതമായി മാത്രമെ നടപ്പാക്കൂ. അഴിമതി പൂര്‍ണമായും ഇല്ലാതാക്കാനാണ് നടപടി. സ്വാര്‍ഥതാല്‍പര്യക്കാര്‍ കടന്നുകൂടിയപ്പോഴാണ് പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായത്. രണ്ടുമാസത്തിനുള്ളില്‍ ഹോര്‍ട്ടികോര്‍പ്പിലെ എല്ലാ പ്രശ്നവും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.