കൊച്ചി: പേപ്പര്‍ ഗുണ്ടും ഡയനാമിറ്റ് അമിട്ടുമില്ലാതെ മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് ഹൈകോടതിയുടെ അനുമതി. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന വെടിക്കെട്ടിന് കലക്ടര്‍ അനുമതി നിഷേധിച്ചത് ചോദ്യംചെയ്ത് ക്ഷേത്രം ഭാരവാഹികള്‍ നല്‍കിയ ഹരജിയിലാണ് ഭാഗിക വെടിക്കെട്ടിന് അനുമതി നല്‍കിയത്. ഉപയോഗിക്കാവുന്ന വെടിക്കോപ്പുകളുടെ എണ്ണം കൃത്യമായി നിര്‍ണയിച്ചാണ് ഇടക്കാല ഉത്തരവ്. ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന വെടിക്കോപ്പുകളുടെ എണ്ണം വ്യക്തമാക്കി സംഘാടകര്‍ നല്‍കിയ പട്ടിക പൂര്‍ണമായി അനുവദിച്ചില്ല. ആചാരപരമായ വെടിക്കെട്ട് മുടങ്ങാതിരിക്കാന്‍ രണ്ട് ദിവസങ്ങളിലുമായി 500 കതിനകള്‍ പൊട്ടിക്കാന്‍ അനുമതി നല്‍കി. 100 ചൈനീസ് വര്‍ണാഭമായ അമിട്ടും പൊട്ടിക്കാം. 70000 ഓലപ്പടക്കം, 175 ശബ്ദം കുറഞ്ഞ വര്‍ണാഭമായ അമിട്ട് എന്നിവയും പൊട്ടിക്കാന്‍ അനുമതി നല്‍കി. കോടതി നിര്‍ദേശം അനുസരിച്ചാണ് വെടിക്കെട്ടെന്ന് കലക്ടര്‍ ഉറപ്പാക്കണമെന്നും ഇതിനായി ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും ഇടക്കാല ഉത്തരവില്‍ പറയുന്നു. ഇദ്ദേഹം വെടിക്കെട്ടിന് ഒരു ദിവസം മുമ്പ് തന്നെ വെടിക്കോപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിന്‍െറ ചുമതല ഏറ്റെടുക്കണം. സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കണം. വെടിക്കെട്ട് ഇദ്ദേഹത്തിന്‍െറ മേല്‍നോട്ടത്തില്‍ നടത്തണം. വെടിക്കെട്ട് നടത്താന്‍ പരമാവധി 20 പേരടങ്ങുന്ന സംഘത്തെ മാത്രമേ അനുവദിക്കാവൂ. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണം. പൊതുജനങ്ങളുടെ സുരക്ഷക്കായി മതിയായ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ ഉറപ്പാക്കണം. ചുമതലപ്പെടുത്തിയ 20 പേരും പൊലീസും ഉദ്യോഗസ്ഥരുമല്ലാതെ ഒരാളെയും വെടിക്കെട്ട് നടത്തുന്ന പ്രദേശത്ത് പ്രവേശിപ്പിക്കരുത്. സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ജില്ല ഭരണകൂടം ഉത്സവത്തിനുശേഷം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.