നഷ്ടത്തില്‍നിന്ന് കരകയറാന്‍ പദ്ധതികളുമായി ടെല്‍ക്

അങ്കമാലി: സംസ്ഥാന പൊതുമേഖല സ്ഥാപനമായ ടെല്‍ക്കിനെ നഷ്ടത്തില്‍നിന്ന് കരകയറ്റാന്‍ വിപുല പദ്ധതികള്‍ ആവിഷ്കരിക്കുന്നു. 2017-18 സാമ്പത്തികവര്‍ഷം 300കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നത്. ലക്ഷ്യം നേടിയാല്‍ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായിരിക്കുമെന്ന് ടെല്‍ക് ചെയര്‍മാന്‍ അഡ്വ.എന്‍.സി. മോഹനന്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. ടെല്‍ക്കിന്‍െറ 53 വര്‍ഷ ചരിത്രത്തില്‍ 2008-09ലാണ് ഏറ്റവും ഉയര്‍ന്ന വിറ്റുവരവ് നേടിയത്. 218 കോടിയാണ് വിറ്റുവരവ്. ഉന്നതശ്രേണിയിലുള്ള മറ്റുകമ്പനികളോട് കിടപിടിക്കുന്ന തരത്തില്‍ ടെല്‍ക്കിനെ ഉയര്‍ത്താന്‍ മാനേജ്മെന്‍റും ഉദ്യോഗസ്ഥരും തൊഴിലാളികളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയാണെന്നും ചെയര്‍മാന്‍ അറിയിച്ചു. 2016ല്‍ 56 കോടിയായിരുന്ന ഓര്‍ഡര്‍ 300 കോടിയായി ഉയര്‍ന്നിട്ടുണ്ട്. 400 കോടിയിലേക്കുയര്‍ത്താന്‍ തീവ്രശ്രമം ആരംഭിച്ചതായും ചെയര്‍മാന്‍ പറഞ്ഞു. സര്‍ക്കാറിന്‍െറ പൂര്‍ണ പിന്തുണയാണ് പ്രതീക്ഷക്ക് വഴിയൊരുങ്ങുന്നത്. ടെല്‍ക്കിന്‍െറ സങ്കേതിക നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ 10 കോടി ഇതിനകം അനുവദിച്ചു. സംസ്ഥാന ബജറ്റില്‍ വന്‍കിട, ഇടത്തരം വ്യവസായങ്ങളുടെ അടങ്കല്‍ തുക 482 കോടിയാണ് വക കൊള്ളിച്ചിരിക്കുന്നത്. അതില്‍ 40 കോടിയെങ്കിലും ടെല്‍ക്കിന് സര്‍ക്കാര്‍ അനുവദിക്കുമെന്നും മാനേജ്മെന്‍റ് പ്രതീക്ഷിക്കുന്നതായും എന്‍.സി. മോഹനന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായി കമ്പനി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2016-17ലെ ആദ്യ മൂന്ന് പാദങ്ങളില്‍ കമ്പനിക്ക് 63കോടിയുടെ വിറ്റുവരവ് മാത്രമാണുണ്ടായത്. അതിനാല്‍ 14 കോടിയോളം നഷ്ടമായിരുന്നു. എന്നാല്‍, കൂട്ടായ പ്രവര്‍ത്തനംമൂലം സാമ്പത്തികവര്‍ഷത്തിന്‍െറ അവസാന മൂന്നുമാസം 90 കോടിയുടെ വിറ്റുവരവുണ്ടാക്കാന്‍ സാധിച്ചതായും നഷ്ടത്തില്‍നിന്ന് കരകയറ്റാന്‍ ബൃഹത്പദ്ധതികളാണ് ആവിഷ്കരിച്ച് നടപ്പാക്കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.