പാത്തിത്തോട്ടില്‍നിന്ന് മണല്‍ നീക്കിയത് വിജിലന്‍സ് അന്വേഷിക്കും

പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിന്‍െറ കൈവശമുള്ള പാത്തിത്തോട്ടില്‍നിന്ന് മണലും മണ്ണും നീക്കം ചെയ്തത് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പാത്തിത്തോട്ടില്‍നിന്നും 64,000 ഖനയടി മണ്ണും മണലും ലോറികളില്‍ നീക്കം ചെയ്തതുമായി ആരോപിച്ച് വെങ്ങോല കരവത്ത്കുടി ഷൗക്കത്ത് അലി നല്‍കിയ ഹരജിയിലാണ് അന്വേഷണ ഉത്തരവ്. അഴിമതി നിരോധനവകുപ്പുകള്‍ പ്രകാരമാണ് ഹരജിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിച്ചത്. എറണാകുളം വിജിലന്‍സ് ആന്‍റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പിയോട് അന്വേഷിച്ച് മാര്‍ച്ച് 31നകം റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ധന്യ ലെജു, സെക്രട്ടറി അംബിക, വാര്‍ഡ് മെംബര്‍ കെ.എം. ഷംസുദ്ദീന്‍, അല്ലപ്ര പുളിക്കകുടി പി.എം. സലീം, കരവത്ത്കുടി കെ.എം. മാഹിന്‍കുട്ടി, കണ്ടന്തറ കരവത്തുകുടി അലാവുദ്ദീന്‍, മുടിക്കല്‍ തേനൂരാന്‍ ഇല്യാസ് എന്നിവര്‍ക്കെതിരെയാണ് അന്വേഷണം. പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയും വെങ്ങോല പഞ്ചായത്തും അതിര്‍ത്തി പങ്കിടുന്ന പാത്തിപ്പാലം തോട്ടിലെയും ഇരുവശങ്ങളിലെ കരയിലെയും മണ്ണും മണലും ഗൂഢാലോചനയും കുറ്റകരവുമായ അഴിമതി നടത്തി വെങ്ങോല പഞ്ചായത്തിന് പതിനേഴര ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയതായി ആരോപിച്ചാണ് ഹരജി നല്‍കിയത്. പാത്തിത്തോടിന്‍െറ നവീകരണത്തിനായി ലോക ബാങ്കിന്‍െറ സഹായത്തോടെ ഒരു പദ്ധതി പഞ്ചായത്തിന് ലഭിച്ചിരുന്നു. എന്നാല്‍, ഈ പദ്ധതികൊണ്ട് മാലിന്യവും മറ്റും നീക്കി തോടും പരിസരവും ശുദ്ധീകരിക്കുന്നതിന് ടെന്‍ഡര്‍ വിളിച്ച് പണികള്‍ നടത്താതെ പഞ്ചായത്ത് നേതൃത്വം സ്വകാര്യ വ്യക്തികളെക്കൊണ്ട് പണികള്‍ ചെയ്തപ്പോള്‍ പഞ്ചായത്തിന് ലക്ഷങ്ങളുടെ നഷ്ടവും പ്രതികള്‍ക്ക് അന്യായ ലാഭവും ഉണ്ടായിട്ടുള്ളതായി ഹരജിക്കാരന്‍ ആരോപിച്ചു. ജെ.സി.ബിയും ടിപ്പര്‍ ലോറികളും ഉപയോഗിച്ച് മണ്ണ് മാറ്റുന്നതിന്‍െറ ചിത്രങ്ങളും ഹരജിക്കാരന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹരജിക്കാരന് വേണ്ടി അഡ്വ. കെ.സി. സുരേഷ്, അഡ്വ. എന്‍.പി. തങ്കച്ചന്‍ എന്നിവര്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.