തേറാട്ടിക്കുന്നിലെ കുപ്പിവെള്ള കമ്പനിക്കെതിരെ നാട്ടുകാരുടെ പ്രക്ഷോഭം

ചെങ്ങമനാട്: ഒന്നാം വാര്‍ഡിലെ പാലപ്രശ്ശേരി തേറാട്ടിക്കുന്നില്‍ കുപ്പിവെള്ള കമ്പനി തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിച്ചു. സാധാരണക്കാരും പാവപ്പെട്ടവരും താമസിക്കുന്ന ഉയര്‍ന്ന പ്രദേശമായ തേറാട്ടിക്കുന്നില്‍ മഴക്കാലത്തുപോലും ദാഹജലം കിട്ടാക്കനിയാണ്. വടക്ക് ചാലക്കുടിയാറിനോടനുബന്ധിച്ച മാഞ്ഞാലിത്തോടും തെക്ക് പെരിയാറിന്‍െറ കൈവഴികളും ഒഴുകുന്നു. ഇരുതോടുകളുടെയും മധ്യഭാഗമാണിവിടം. സ്വകാര്യവ്യക്തിയുടെ 15 സെന്‍േറാളം കൈവശപ്പെടുത്തിയാണ് ജലമൂറ്റ് മാഫിയ തേറാട്ടിക്കുന്നില്‍ ചേക്കേറിയിരിക്കുന്നത്. ആഴവും ചരിവുമുള്ള ഭാഗത്ത് 10 സെന്‍േറാളം സ്ഥലത്ത് ഭീമന്‍ കിണറിന്‍െറയും കെട്ടിടത്തിന്‍െറയും നിര്‍മാണം പൂര്‍ത്തിയായി. താല്‍ക്കാലിക വൈദ്യുതി കണക്ഷനും നേടിയെടുത്തു. ചുറ്റുമതില്‍ അടക്കം അനുബന്ധ പ്രവൃത്തികള്‍ക്ക് തുടക്കംകുറിച്ചു. മൂന്നുവര്‍ഷം മുമ്പ് മെസേഴ്സ് നൊആന്‍സ് ഡിസ്റ്റിലേഴ്സ് എന്ന പേരില്‍ ഉന്നതങ്ങളെ സ്വാധീനിച്ചാണ് കമ്പനിയുടമ അണിയറ നീക്കം ആരംഭിച്ചത്. സമീപവാസികള്‍ സംഭവം അറിഞ്ഞിരുന്നില്ല. നിര്‍മാണം പുരോഗമിച്ചതോടെ കാര്യം അന്വേഷിച്ചത്തെിയ നാട്ടുകാരോട് പനിനീര്‍, ജാം ചെറുകിട വ്യവസായ യൂനിറ്റാണ് ആരംഭിക്കുന്നതെന്നായിരുന്നു ഉടമയുടെ അനുയായികള്‍ പ്രചരിപ്പിച്ചത്. സംശയം ബലപ്പെട്ടതോടെ പാലപ്രശ്ശേരി സ്വദേശിയായ സാമൂഹികപ്രവര്‍ത്തകന്‍ ഒരുമാസം മുമ്പ് സംസ്ഥാന ഭൂജല വകുപ്പ് ഡയറക്ടറേറ്റിലെ സൂപ്രണ്ടിങ് ഹൈഡ്രോളജിസ്റ്റ് ജനറല്‍ ജോസ് ജയിംസിന് വിവരാവകാശ അപേക്ഷ നല്‍കി. മറുപടിയിലാണ് എട്ട് മീറ്റര്‍ ആഴവും 3.75 മീറ്റര്‍ വ്യാസവുമുള്ള തുറന്ന കിണറില്‍നിന്ന് പ്രതിദിനം 15,000 ലിറ്റര്‍ ജലം എടുത്ത് വിപണനം നടത്തുന്ന കുപ്പിവെള്ള ഫാക്ടറിയാണ് വരുന്നതെന്ന രഹസ്യം പുറത്തായത്. 2014ല്‍ ഉടമ കുപ്പിവെള്ള കമ്പനിക്ക് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഭൂജലവകുപ്പ് അനുമതി നല്‍കാന്‍ അമാന്തം കാണിച്ചെങ്കിലും രാഷ്ട്രീയകക്ഷി ഭേദമന്യേ ഒട്ടുമിക്ക പഞ്ചായത്ത് ജനപ്രതിനിധികളും ഉടമയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. മുന്‍ ഇടത് എം.എല്‍.എയാണ് പദ്ധതിക്ക് ശിപാര്‍ശ ചെയ്തതെന്ന് പ്രചാരമുണ്ടെങ്കിലും അനുയായികള്‍ ഇത് അവഗണിച്ച് സമരരംഗത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. തേറാട്ടിക്കുന്നിനെ പ്ളാച്ചിമട ആക്കാന്‍ അനുവദിക്കില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പിഎം, ജനതാദള്‍-യുനൈറ്റഡ്, ഡി.വൈ.എഫ്.ഐ അടക്കമുള്ള സംഘടനകള്‍ സമരരംഗത്തുള്ളത്. പഞ്ചായത്ത് കമ്മിറ്റിക്ക് നാട്ടുകാര്‍ ഒപ്പിട്ട ഭീമഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.