പകർച്ചപ്പനി: ആലപ്പുഴയിലെ മൺസൂൺ ടൂറിസം സീസൺ മന്ദഗതിയിൽ

ആലപ്പുഴ: പകർച്ചപ്പനി വ്യാപകമാകുന്നതിനെ തുടർന്ന് ജില്ലയിലെ മൺസൂൺ ടൂറിസം സീസൺ മന്ദഗതിയിൽ. പ്രതീക്ഷിച്ച വരുമാനത്തിൽ 25 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര വിനോദസഞ്ചാരികളാണ് മൺസൂൺ ടൂറിസം ആസ്വദിക്കാൻ ആലപ്പുഴയിൽ കൂടുതലായും എത്തുന്നത്. എന്നാൽ, ഇത്തവണ ഇതരസംസ്ഥാനത്തുനിന്നുള്ള സഞ്ചാരികളുടെ വരവ് നാമമാത്രമാണ്. മൺസൂൺ ടൂറിസം മുന്നിൽകണ്ട് ഹൗസ്ബോട്ടുകൾ വലിയ മുന്നൊരുക്കമാണ് നടത്തിയിരുന്നത്. എന്നാൽ, അതിനെല്ലാം തിരിച്ചടിയായി പകർച്ചപ്പനി വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഹോട്ടലുകളും ഹൗസ്ബോട്ടുകളും റിസർവ് ചെയ്തവർ കൂട്ടത്തോടെ റദ്ദാക്കുകയും ചെയ്തു. പ്രതിസന്ധി മറികടക്കാൻ കുറഞ്ഞ നിരക്കിൽ ഹൗസ് ബോട്ട് യാത്ര നടത്താൻ തയാറായിട്ടും സഞ്ചാരികളെ ലഭിക്കാത്ത സ്ഥിതിയാണെന്ന് ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ജോസ്കുട്ടി ജോസഫ് പറഞ്ഞു. പെരുന്നാൾ കാലയളവിൽ ഉത്തരകേരളത്തിൽനിന്നുള്ള വിനോദ സഞ്ചാരികളും പേരിന് മാത്രമായിരുന്നു. മറ്റ് ജില്ലകളിൽനിന്ന് എത്തുന്നവരാണ് നിലവിൽ കായൽ വിനോദസഞ്ചാരത്തിന് ജീവൻ പകരുന്നത്. സഞ്ചാരികളെ ആകർഷിക്കാൻ ട്രാവൽ ഏജൻസികൾ പ്രത്യേക പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഡ്രീം സീസൺ എന്ന് പേരിട്ടിരിക്കുന്ന പാക്കേജ് തേക്കടി, കുമരകം, കോവളം, ഫോർട്ട്കൊച്ചി, മൂന്നാർ, വയനാട്, ആലപ്പുഴ, കോഴിക്കോട്, തിരുവനന്തപുരം എന്നീ വിനോദസഞ്ചാര മേഖലകളെ ബന്ധപ്പെടുത്തിയാണ്. വിനോദസഞ്ചാരികൾ വൻതോതിൽ വിട്ടുനിൽക്കുന്നതോടെ ഇത് എത്ര മാത്രം വിജയിക്കുമെന്നത് കാത്തിരുന്ന് കാണണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.