കുട്ടനാട്: സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗില്‍ മലയാളിയായ യുവവൈദികനെ കാണാതായി. സി.എം.ഐ സഭാംഗമായ ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ ഫാ. മാര്‍ട്ടിന്‍ സേവ്യറിനെയാണ് താമസസ്ഥലത്തുനിന്ന് കാണാതായതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. കഴിഞ്ഞ ശനിയാഴ്ച വൈദികൻ ഫോണിൽ സംസാരിച്ചിരുന്നതായി സഹോദരനും ആലപ്പുഴ ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി അംഗവുമായ തങ്കച്ചൻ വാഴച്ചിറ പറഞ്ഞു. സ്‌കോട്ട്‌ലന്‍ഡില്‍ പിഎച്ച്.ഡി പഠനത്തിനൊപ്പം സെൻറ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് പള്ളി ഇടവകയുടെ ചുമതലയും വഹിച്ചിരുന്നു. പള്ളിയിലെ തിരുക്കര്‍മങ്ങള്‍ക്ക് വൈദികനെ കാണാതായതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് ആദ്യം വിവരമറിയുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ട് പുളിങ്കുന്ന് സി.എം.ഐ ആശ്രമത്തിലെ പ്രിയോറച്ചന്‍ വീട്ടിലെത്തി വൈദികനെ കാണാനില്ലെന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സ്‌കോട്ട്‌ലന്‍ഡില്‍നിന്ന് ബിഷപ് സി.എം.ഐ പ്രൊവിന്‍ഷലിനെയും തുടര്‍ന്ന് പുളിങ്കുന്ന് ആശ്രമത്തിലും വിവരമറിയിച്ചു. വൈദികന്‍ താമസിച്ചിരുന്ന മുറിയുടെ വാതില്‍ തുറന്നുകിടന്ന നിലയിലായിരുന്നു. പാസ്പോര്‍ട്ട് മുറിയില്‍ തന്നെയുണ്ടെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഫോറന്‍സിക് വിദഗ്ധരെത്തി മുറി പരിശോധിെച്ചന്ന് സ്‌കോട്ട്‌ലന്‍ഡിൽനിന്ന് അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. 2013 ഡിസംബര്‍ 30ന് പൗരോഹിത്യം സ്വീകരിച്ചശേഷം ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായിരിക്കെ കഴിഞ്ഞ ജൂൈല 15നാണ് ഇദ്ദേഹം സ്‌കോട്ട്‌ലന്‍ഡിലേക്ക് പോയത്. അടുത്തമാസം നാട്ടിലേക്ക് വരുമെന്നാണ് നേരത്തേ പറഞ്ഞിരുന്നത്. എന്നാൽ, കഴിഞ്ഞ ശനിയാഴ്ച വിളിച്ചപ്പോൾ പള്ളിയുടെ പണി തീരാനുണ്ടെന്നും ഡിസംബറിലേ വരൂ എന്നും അറിയിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.