ജില്ല പനിക്കിടക്കയിൽ

കൊച്ചി: ജില്ലയിൽ പനി ബാധിതരുടെ എണ്ണം ദിവസവും വർധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. പനിയും പകർച്ചവ്യാധികളുമായി ആശുപത്രികളിലെത്തുന്നവരുടെ എണ്ണം ക്രമാധീതമായി വർധിച്ചിരിക്കുന്നു. മാലിന്യസംസ്കരണം കൃത്യമായി നടപ്പാക്കാതിരുന്നതാണ് പകർച്ചവ്യാധികൾ പിടിമുറുക്കാൻ കാരണമെന്ന് അധികൃതർ വ്യക്തമാക്കുന്നു. കളമശ്ശേരി, തൃക്കാക്കര, ഏലൂർ, വടക്കേക്കര, ചെല്ലാനം എന്നിവിടങ്ങളിലാണ് മലേറിയ സ്ഥിരീകരിച്ചത്. ജില്ലയിൽ പനിക്ക് 1501 പേരാണ് വെള്ളിയാഴ്ച പനിക്ക് ചികിത്സ തേടിയത്. ഇവരിൽ 68 പേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി. ഇതോടെ ഇൗ മാസം ആകെ പനിക്ക് ജില്ലയിൽ ചികിത്സ തേടിയവരുടെ എണ്ണം 20,975 ആയി. വെള്ളിയാഴ്ച മാത്രം ആറുപേർ മലേറിയക്ക് ചികിത്സ തേടി. ഇതോടെ ഈ മാസം ജില്ലയിൽ 16 പേർക്ക് മലേറിയ സ്ഥിരീകരിച്ചു. വൈറൽ പനി, ഡെങ്കിപ്പനി, എച്ച് 1 എൻ1, എലിപ്പനി എന്നിവയുമായി എത്തുന്ന രോഗികളുടെ എണ്ണത്തിലും വലിയ വർധനയാണ് ഉണ്ടായത്. വ്യാഴാഴ്ച എട്ട് വയസ്സുകാരനടക്കം രണ്ടുപേർ ജില്ലയിൽ പനിബാധിച്ച് മരിച്ചിരുന്നു. പനി ബാധിച്ച് ഇടപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന പ്രണവ് (എട്ട്), പെരുമ്പാവൂർ ഇളമ്പകള്ളി തോട്ടത്തിൽ ലൈജു (40) എന്നിവരാണ് വ്യാഴാഴ്ച മരിച്ചത്. ഡെങ്കിപ്പനി സംശയിക്കുന്ന 21 പേർ നിരീക്ഷണത്തിലാണ്. അഞ്ചുപേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ എച്ച്1 എൻ1 ബാധിതരുടെ എണ്ണം 63 ആയി. ഒരാൾക്ക് ഹെപ്പറ്റൈറ്റിസ് സംശയിക്കുന്നു. 158 പേർ വയറിളക്കം ബാധിച്ച് വെള്ളിയാഴ്ച ചികിത്സ തേടി. മൂന്നുപേരെ കിടത്തിച്ചികിത്സക്ക് വിധേയരാക്കി. സർക്കാർ ആശുപത്രികളിൽനിന്ന് മാത്രമുള്ള കണക്കാണിത്. നിലവിലെ സാഹചര്യം ആരോഗ്യവിഭാഗം ഗൗരവമായാണ് കാണുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ മാത്രം ആയിരത്തിലധികം രോഗികൾ പകർച്ചവ്യാധികളുമായി ചികിത്സ തേടിയിട്ടുണ്ട്. തൃപ്പൂണിത്തുറ, വരാപ്പുഴ, കാലടി, കടവൂർ, ചെല്ലാനം, പൈങ്ങോട്ടൂർ എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതലായി കാണുന്നത്. ഇതോടൊപ്പം എലിപ്പനി, ഹെപ്പറ്റൈറ്റിസ്, ചിക്കൻപോക്സ്, വയറിളക്കം എന്നിവയും പടരുന്നു. വ്യാഴാഴ്ച പനി ബാധിച്ച് 1483 പേർ ചികിത്സ േതടിയിരുന്നു. ഇൗ മാസം ആദ്യവാരം ദിേനന 800 രോഗികളായിരുന്നു ചികിത്സക്കെത്തിയിരുന്നതെങ്കിൽ ഇപ്പോഴത് ശരാശരി 1300 എന്ന നിലയിലാണ്. നഗരത്തിലെ 100ൽ 10 വീടുകളിൽ കൊതുകുസാന്ദ്രത കൂടുതലാണെന്ന് അധികൃതർ പറഞ്ഞു. പ്രതിരോധപ്രവർത്തനം ഊർജിതമാക്കാൻ എം.എൽ.എമാരുടെ നേതൃത്വത്തിൽ വിവിധ നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് യോഗങ്ങൾ നടക്കുകയാണ്. വെള്ളിയാഴ്ച ആലുവ, പറവൂർ എന്നിവിടങ്ങളിൽ വിലയിരുത്തൽ നടത്തി. സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്കരണം ശക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.