എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ആക്രമണം പൊലീസ് തണലിൽ -കെ.സി. വേണുഗോപാല്‍ എം.പി ഹരിപ്പാട്: കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നടത്തിയ ആക്രമണം പൊലീസിെൻറ തണലിലാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി പറഞ്ഞു. കെ.എസ്.യു ബ്ലോക്ക് പ്രസിഡൻറ് ഹരികൃഷ്ണെൻറ വീട്ടില്‍ കയറി അമ്മയെ ഉള്‍പ്പെടെ മർദിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കെ.എസ്.യു സംസ്ഥാന നേതാക്കളെ ഉൾപ്പെടെ മൃഗീയമായി മർദിച്ചിട്ടും പൊലീസ് നടപടി എടുത്തില്ല. ഭരണത്തിെൻറ തണലില്‍ ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും അഴിഞ്ഞാടുകയാണെന്നും അഹങ്കാരവും ധാർഷ്ട്യവുമാണ് ഈ ഭരണവിലാസം സംഘടനകളുടെ മുഖമുദ്രയെന്നും എം.പി ആരോപിച്ചു. വീടുകയറിയും ആശുപത്രിയിലും ആക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണം. ഹരിപ്പാട്ട് സമാധാനം പുനഃസ്ഥാപിക്കാന്‍ ജില്ല ഭരണകൂടം ഇടപെടണമെന്നും എം.പി ആവശ്യപ്പെട്ടു. ജില്ലയിൽ ഇന്ന് എസ്.എഫ്.ഐയുടെ പ്രതിഷേധ ദിനം ആലപ്പുഴ: ഹരിപ്പാട് ടി.കെ.എം.എം കോളജിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി കെ.എസ്.യു ആസൂത്രിത ആക്രമണങ്ങൾ സംഘടിപ്പിക്കുകയാണെന്ന് എസ്.എഫ്.െഎ ആരോപിച്ചു. പ്രതിപക്ഷ നേതാവിെൻറ തണലിൽ പുറത്തുനിന്നുള്ള യൂത്ത് കോൺഗ്രസ് ഗുണ്ടകളുടെ സഹായത്തോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരെയും വിദ്യാർഥികൾക്ക് നേരെയും കെ.എസ്.യു-യൂത്ത് കോൺഗ്രസ് ആക്രമണം നടത്തുന്നത്. ഏറ്റവും ഒടുവിലായി വ്യാഴാഴ്ച എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി അംഗവും ബി.കോം മൂന്നാംവർഷ വിദ്യാർഥിയുമായ അക്ഷയ്നെ കലാലയത്തിന് മുന്നിൽ ഇരുപതംഗ സംഘം മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയും മുതുകിൽ ചാപ്പ കുത്തുകയും ചെയ്തു. കലാലയങ്ങളെ കലാപഭൂമിയാക്കാനുള്ള കെ.എസ്.യുവിെൻറ നയത്തിനെതിരെ ജില്ലയിലെ മുഴുവൻ കലാലയങ്ങളിലും വെള്ളിയാഴ്ച പ്രതിഷേധ ദിനം ആചരിക്കുമെന്ന് എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് ജെബിൻ പി. വർഗീസും സെക്രട്ടറി എം. രജീഷും പ്രസ്താവനയിൽ അറിയിച്ചു. അരങ്ങേറിയത് രാഷ്ട്രീയ കാടത്തവും ഫാഷിസവും -ചെന്നിത്തല ആലപ്പുഴ: ഹരിപ്പാട് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ എസ്.എഫ്.ഐ അഴിച്ചുവിട്ട അക്രമം രാഷ്ട്രീയ ഫാഷിസമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കെ.എസ്.യു മുന്‍ ബ്ലോക്ക് പ്രസിഡൻറ് ഹരികൃഷ്ണെൻറ വീട് ആക്രമിച്ച എസ്.എഫ്.ഐക്കാര്‍ അദ്ദേഹത്തെയും മാതാവ് ഗീതയെയും ഗുരുതര പരിക്കേല്‍പിച്ചു. അവരെ ആശുപത്രിയിലെത്തിച്ച കെ.എസ്.യു പ്രവര്‍ത്തകരെ ഹരിപ്പാട് ആശുപത്രിക്കുള്ളില്‍െവച്ച് പൊലീസ് നോക്കിനില്‍ക്കെയാണ് എസ്.എഫ്.ഐക്കാര്‍ ക്രൂരമായി മര്‍ദിച്ചത്. സി.പി.എം--എസ്.എഫ്.ഐ ഗുണ്ടകളുടെ ആക്രമണത്തിന് കുടപിടിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കാമ്പസുകളില്‍ ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ ഒരു സംഘടനയെയും സമ്മതിക്കില്ലന്ന രാഷ്ട്രീയ ഫാഷിസമാണ് ഇപ്പോഴും എസ്.എഫ്.ഐ പിന്തുടരുന്നത്. ഹരിപ്പാട്ട് വ്യാഴാഴ്ച നടന്ന അക്രമങ്ങള്‍ ഇതിന് തെളിവാണെന്നും ഇതിനെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.