മുഖ്യമന്ത്രിക്കുമുന്നിൽ ആവശ്യങ്ങളുടെ നീണ്ട പട്ടികയുമായി പ്രമുഖർ

കൊച്ചി: കൊച്ചിയില്‍ വിവിധ രംഗങ്ങളിലെ പ്രമുഖരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ഉയർന്നത് ആവശ്യങ്ങളുടെയും നിര്‍ദേശങ്ങളുടെയും നീണ്ട പട്ടിക. ഐ.എം.എ ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ മാലിന്യനിര്‍മാര്‍ജനത്തില്‍ കേരളം പിന്നിലാവുന്നതിനെക്കുറിച്ചായിരുന്നു അഭിപ്രായങ്ങൾ ഏറെയും. പുതുവൈപ്പ് സമരവും മദ്യനയവും കേരളത്തിലെ ആരോഗ്യപ്രശ്‌നങ്ങളും ജി.എസ്.ടി നടപ്പാക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങളുമായിരുന്നു മുഖ്യവിഷയങ്ങൾ. മാലിന്യനിര്‍മാര്‍ജനത്തിലെ വീഴ്ചകളാണ് പനി വര്‍ധിക്കാനിടയാക്കിയതെന്ന വാദത്തോട് മുഖ്യമന്ത്രിയും യോജിച്ചു. ശുദ്ധവായു, ശുദ്ധജലം, ശുദ്ധനഗരം എന്ന വെല്ലുവിളി സര്‍ക്കാർ ഏറ്റെടുക്കണമെന്ന് അഭിപ്രായമുയര്‍ന്നു. ഇക്കാര്യത്തിൽ സർക്കാറിന് ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ വിഭാവനം ചെയ്യാനായില്ല. ഹരിത കേരള മിഷ​െൻറ പ്രവര്‍ത്തനങ്ങളിൽ പല തദ്ദേശ സ്ഥാനപനങ്ങളും വീഴ്ച വരുത്തി. 27, 28, 29 തീയതികളില്‍ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് മാലിന്യനിര്‍മാര്‍ജന പ്രവർത്തനങ്ങൾ നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പുതുവൈപ്പില്‍ സമരസമിതി പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് പലരും ആവശ്യപ്പെട്ടു. എന്നാല്‍, പ്ലാൻറിന് എല്ലാ അനുമതിയും ഉണ്ടെന്നും ഹരിത ട്രൈബ്യൂണല്‍ പരിശോധനയിലും ഇതുവ്യക്തമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സര്‍ക്കാറി​െൻറ മദ്യനയത്തെയും മുഖ്യമന്ത്രി ന്യായീകരിച്ചു. അഴിമതി വര്‍ധിക്കുന്നതിനാലാണ് ബാറുകള്‍ അനുവദിക്കാനുള്ള തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം ഓര്‍ഡിനന്‍സിലൂടെ എടുത്തുകളഞ്ഞത്. മദ്യവര്‍ജനമെന്ന ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും സ്‌കൂളുകളില്‍ ലഹരിമുക്ത കാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാർ ആനുകൂല്യങ്ങളെപ്പറ്റിയും ക്ഷേമ പദ്ധതികളെക്കുറിച്ചും പബ്ലിക് റിലേഷന്‍സ് വകുപ്പ് പുസ്തകം പുറത്തിറക്കും. അവയവദാനത്തില്‍ സംസ്ഥാനം പിന്നിലായതും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. ആരോഗ്യവകുപ്പി​െൻറ ചില നിര്‍ദേശങ്ങളാണ് ഇതിന് കാരണം. ഇക്കാര്യത്തിൽ അടിന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. കച്ചവടസ്ഥാപനങ്ങളുടെ ലൈസന്‍സ് കാലാവധി ഒരുവര്‍ഷത്തില്‍നിന്ന് മൂന്നുവര്‍ഷമാക്കുന്ന കാര്യം പരിശോധിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രശ്‌നങ്ങൾ, കോളജുകളിലെ അധ്യാപക, അനധ്യാപക ഒഴിവുകള്‍ നികത്തല്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസൗകര്യം, മൂന്നാര്‍ കൈയേറ്റം, മലയാള ഭാഷ നിര്‍ബന്ധമാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ, ഇ-ഗേവണൻസ് തുടങ്ങിയ വിഷയങ്ങളും ചർച്ചയായി. സര്‍ക്കാറി​െൻറ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിവിധ മേഖലയിലുള്ളവരുടെ അഭിപ്രായം അറിയാനാണ് യോഗം വിളിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.