അങ്കമാലി: ഇടമലയാര്‍ ജലസേചന പദ്ധതിയുടെ സബ് കനാലിനായി നെടുമ്പാശ്ശേരി പഞ്ചായത്തില്‍ പുതുതായി ഭൂമി ഏറ്റെടുക്കരുതെന്ന് നെടുമ്പാശ്ശേരി പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വക്ഷി യോഗം ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. ഇപ്പോള്‍ അങ്കമാലി നഗരസഭവരെ എത്തിയിട്ടുള്ള ഇടമലയാര്‍ പദ്ധതിയില്‍നിന്ന് ജലം നെടുമ്പാശ്ശേരി പഞ്ചായത്തിലെ വഴിത്തോട്ടില് എത്തിക്കുന്നതിന് നടപടികള്‍ ജലസേചന വകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനാല്‍ വഴിത്തോട്ടില്നിന്ന് മൂന്നു കി.മീറ്റര്‍ നീളത്തില്‍ 10 മീറ്റര്‍ വീതിയില്‍ സബ് കനാല്‍ നിര്‍മിക്കേണ്ടിവരും. അതിെൻറ നടപടികളുടെ ഭാഗമായാണ് ഭൂമി ഏെറ്റടുക്കാന്‍ ജലസേചന വകുപ്പ് നീക്കം ആരംഭിച്ചിട്ടുള്ളത്. എന്നാല്‍, 45 വര്‍ഷംമുമ്പ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ ഭൂമി ഏെറ്റടുക്കാനുള്ള നടപടിയില്‍ പ്രദേശവാസികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. പദ്ധതി സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് ഗ്രാമ പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, വിവിധ സംഘടന പ്രതിനിധികള്‍, കര്‍ഷക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ പേരില്‍ ഇനിയും നിരവധി കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടി ഒഴിവാക്കണമെന്ന് യോഗത്തില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തിനുവേണ്ടി വീടും സ്ഥലവും വിട്ടുകൊടുക്കേണ്ടിവന്ന പലരും ഈ പ്രദേശത്താണ് വീടുകള്‍ നിര്‍മിച്ച് താമസിച്ചുവരുന്നത്. ഇടമലയാറിലെ ജലം വഴിത്തോട്ടില് എത്തിയാല്‍ അവിടെനിന്ന് ലിഫ്റ്റ് ഇറിഗേഷന്‍ വഴി തിരുവിലാംകുന്നില് വെള്ളം എത്തിക്കുന്നതിനും ഭൂമി ഏറ്റെടുക്കേണ്ടിവരില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കൂടാതെ, പെരിയാറില്‍നിന്ന് നിലവില്‍ പമ്പുചെയ്യുന്ന ആവണംകോട് ലിഫ്റ്റ് ഇറിഗേഷനില്‍നിന്ന് കൂടുതല്‍ വെള്ളം തുരുത്തിശ്ശേരി പ്രദേശത്ത് ലഭിക്കുകയും ചെയ്യും. അതിനാല്‍, ഇടമലയാറിെൻറ സബ്കനാല്‍ പദ്ധതി പണം ദുര്‍വിനിയോഗം ചെയ്യലായി മാറുമെന്നും യോഗം വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി എല്‍ദോ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി.സി. സോമശേഖരന്‍, സ്ഥിരം സമിതി അധ്യക്ഷരായ എന്‍.വി.ബാബു, അംബിക പ്രകാശ്, ഇടമലയാര്‍ ജലസേചന പദ്ധതി അസി.എൻജിനീയര്‍ പി.ടി.ജെസി, വിവിധ കക്ഷിനേതാക്കളായ സണ്ണി പോള്‍, സി.വൈ.ശാബോര്‍, കെ.കെ.അച്ചു, പി.വി.പൗലോസ്, ഡോ.സി.എ.മുകുന്ദന്, വി.വി.തോമസ്, പി.വൈ.കുര്യച്ചന്, പി.പി.ബൈജു, സി.എം.ജോര്‍ജ്, കെ.എന്‍.ജയകുമാര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.