കുറഞ്ഞ സമയം, കൂടുതൽ ദൂരം

കൊച്ചി: കുതിച്ചു പായാൻ മെട്രോ വരുന്നത് ഒരു റെക്കോഡ് നേട്ടത്തോടെയാണ്. കുറഞ്ഞ സമയത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കുന്ന ഏറ്റവും വലിയ മെട്രോ എന്ന വിശേഷണം ഇനി കൊച്ചി മെട്രോക്ക് സ്വന്തം. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കി.മീറ്റർ ആദ്യഘട്ടത്തിൽ സർവിസ് ആരംഭിക്കുമ്പോൾ മൂന്നു വർഷവും ഒമ്പതു മാസവും കൊണ്ടാണ് ഉദ്ഘാടനത്തിലെത്തിയത് എന്നത് എടുത്തുപറയേണ്ടതാണ്. രാജ്യത്തെ മറ്റു മെട്രോ സ്റ്റേഷനുകൾക്കു മുന്നിൽ ഇതൊരു റെക്കോഡാണ്. 45 മാസമാണ് ആകെയെടുത്ത സമയം. സമയത്തെ പിന്നിലാക്കി കൊച്ചി മെട്രോ നടത്തുന്ന യാത്ര അസൂയാവഹമാണ്. ഡൽഹി മെട്രോയുടെ 8.5 കി.മീറ്റർ ദൂരം പൂർത്തിയാകാൻ 50 മാസം വേണ്ടിവന്നു. ചെന്നൈ മെട്രോയിൽ നാലു കി.മീറ്റർ പൂർത്തിയാക്കിയത് 72 മാസം കൊണ്ടാണ്. ബംഗളൂരു മെട്രോ ആറു കി.മീറ്റർ പൂർത്തിയാകാൻ 60 മാസമെടുത്തു. 72 മാസംകൊണ്ട് പൂർത്തിയായത് ചെന്നൈ മെട്രോയുടെ നാലു കി.മീറ്റർ മാത്രം. ജയ്പൂർ മെട്രോ ഒമ്പത് കി.മീറ്റർ പൂർത്തിയാകാൻ 56 മാസമെടുത്തു. മുംബൈ മെട്രോ 75 മാസംകൊണ്ടാണ് 11 കി.മീറ്റർ ദൂരം നിർമാണം പൂർത്തിയാക്കിയത്. ഇതി​െൻറയൊക്കെ മുന്നിലാണ് തലയെടുപ്പോടെ കൊച്ചി മെട്രോ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ദൂരം പൂർത്തിയാക്കി സഞ്ചാരം തുടങ്ങുന്നത്. ആദ്യഘട്ടം മുതൽ പല വിവാദങ്ങൾ ഉണ്ടായെങ്കിലും അവക്കെല്ലാം ഒരുപരിധി വരെ പരിഹാരം കണ്ട് മുന്നോട്ടു നീങ്ങുകയായിരുന്നു കൊച്ചി മെട്രോയുടെ നിർമാണം. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള നിർമാണം പൂർത്തിയായി ഉദ്ഘാടനം നടത്താനുള്ള തീരുമാനം ഏതാനും മാസംമുമ്പ് മാത്രമാണ് എടുത്തത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ള നിരവധിയാളുകൾക്ക് ഇതിനോട് എതിർപ്പായിരുന്നു. മഹാരാജാസ് ഗ്രൗണ്ട് വരെ പണി പൂർത്തിയായിട്ടു മതി ഉദ്ഘാടനം എന്നായിരുന്നു അവരുടെ പക്ഷം. തുടർന്നുള്ള നിർമാണത്തിൽ എന്തെങ്കിലും തടസ്സങ്ങൾ വരുമോ എന്നതായിരുന്നു ഈ അഭിപ്രായത്തിനു പിന്നിലെ സംശയം. എന്നാൽ, പിന്നീട് അത് പാലാരിവട്ടം വരെയാക്കി നിശ്ചയിക്കുകയായിരുന്നു. എന്തായാലും ഉദ്ഘാടനത്തിലൂടെ പേരിന് ഒരു മെട്രോ ആയിട്ടല്ല ചരിത്രത്തെ കൂടെ നടത്തിയാണ് െകാച്ചി മെട്രോ എത്തുന്നത് എന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. വിവിധ മെട്രോകളുടെ ദൂരവും നിർമാണ കാലയളവും കൊച്ചി മെട്രോ- 13 കി.മീറ്റർ, 45 മാസം ഡൽഹി മെട്രോ- 8.5 കി.മീറ്റർ, 50 മാസം ബംഗളൂരു മെട്രോ- ആറ് കി.മീറ്റർ, 60 മാസം ചെന്നൈ മെട്രോ- നാല് കി.മീറ്റർ, 72 മാസം ജയ്പൂർ മെട്രോ- 9.02 കി.മീറ്റർ, 56 മാസം മുംബൈ മെട്രോ- 11.07 കി.മീറ്റർ, 75 മാസം --------------------------------------------------------- ഷംനാസ് കാലായി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.