ഹരിപ്പാട്: സ്കൂൾ തുറന്ന സാഹചര്യത്തിൽ കുട്ടികളിലെ ലഹരിമരുന്ന് ഉപയോഗത്തിനെതിരെ ജാഗ്രത പാലിക്കാനും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവ കേന്ദ്രീകരിച്ച് ലഹരിവിതരണം നടത്തുന്നത് തടയാൻ എക്സൈസ് അധികാരികളെ ചുമതലപ്പെടുത്താനും താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. ആറാട്ടുപുഴ വില്ലേജിലെ വട്ടച്ചാൽ, പെരുമ്പള്ളി, നല്ലാണിക്കൽ എന്നിവിടങ്ങളിലും തൃക്കുന്നപ്പുഴ വില്ലേജിലെ പാനൂരിലും മണൽച്ചാക്ക്, കല്ല് എന്നിവ ഉപയോഗിച്ച് കടലാക്രമണം തടയുന്നത് സംബന്ധിച്ച് സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തും. കടൽഭിത്തി, പുലിമുട്ട് നിർമാണം വേഗത്തിലാക്കാൻ കായംകുളം മേജർ ഇറിഗേഷൻ അസി. എൻജിനീയറെ ചുമതലപ്പെടുത്താനും തീരുമാനിച്ചു. കൃഷ്ണപുരം മുക്കട ജങ്ഷനിലെ സിഗ്നൽ ലൈറ്റിന് സമീപത്തുനിന്ന് ബസ് സ്റ്റോപ് മാറ്റുന്നതുസംബന്ധിച്ച് തീരുമാനമെടുക്കാൻ കായംകുളം ആർ.ടി.ഒയെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തി. ഓടകൾ വൃത്തിയാക്കാത്തതുമൂലമുള്ള നീരൊഴുക്ക് തടസ്സം മാറ്റാൻ പഞ്ചായത്ത് പ്രദേശത്ത് അതത് പഞ്ചായത്ത് സെക്രട്ടറിമാരെയും കായംകുളം, ഹരിപ്പാട് നഗരസഭ സെക്രട്ടറിമാരെയും ദേശീയപാതയുടെ ഇരുവശവുമുള്ള ഓടകൾ വൃത്തിയാക്കാൻ എൻ.എച്ച് അധികൃതരെയും ചുമതലപ്പെടുത്തി. കരുവാറ്റ, മുതുകുളം പഞ്ചായത്തിലെ ചില പ്രദേശത്ത് ഇപ്പോഴും കുടിവെള്ളക്ഷാമം ഉള്ളതിനാൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ കലക്ടറോട് ആവശ്യപ്പെടാൻ തീരുമാനിച്ചു. ഹൈവേ പുനർനിർമാണത്തിെൻറ ഭാഗമായുള്ള പൊക്കവ്യത്യാസവും അപകടവും പരിഹരിക്കാൻ ബന്ധപ്പെട്ട അസി. എൻജിനീയർ എത്താതിരുന്നതിൽ യോഗം പ്രതിഷേധിച്ചു. വികസനസമിതി യോഗത്തിൽ സ്ഥിരം ഹാജരാകാത്ത വകുപ്പുതല ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ട് കലക്ടർക്ക് കത്തെഴുതാനും തീരുമാനിച്ചു. ജോൺ തോമസ് അധ്യക്ഷത വഹിച്ചു. കെ. വിശ്വനാഥൻ, കെ.എസ്. ശരത് കുമാർ, ജി. രാധാകൃഷ്ണപിള്ള, മോളി ഉമ്മൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.