മട്ടാഞ്ചേരി: കൊച്ചി നഗരസഭ ഫോർട്ട്കൊച്ചി-വൈപ്പിൻ അഴിമുഖത്തേക്ക് സർവിസിന് നിർമിച്ച റോ-റോ ജങ്കാർ, യാത്രബോട്ട് എന്നിവയുടെ മേൽനോട്ടത്തിനും നടത്തിപ്പിനുമായി പ്രത്യേക കമ്പനി രൂപവത്കരിക്കുമെന്ന് മേയർ സൗമിനി ജയിൻ. ഇതുസംബന്ധിച്ച് നഗരസഭ കൗൺസിലിൽ തീരുമാനം കൈക്കൊള്ളുമെന്നും അവർ പറഞ്ഞു. ഫോർട്ട്കൊച്ചി-വൈപ്പിൻ റോ-റോ ജങ്കാർ പരീക്ഷണ ഓട്ട ചടങ്ങിന് ഫോർട്ട്കൊച്ചിയിൽ എത്തിയതായിരുന്നു മേയർ. വെള്ളിയാഴ്ച രാവിലെയാണ് ഫോർട്ട്കൊച്ചി-വൈപ്പിൻ -ജലപാതയിൽ നഗരസഭയുടെ സേതുസാഗർ എന്ന റോ--റോ- വെസൽ പരീക്ഷണ ഓട്ടം നടത്തിയത്. ടെർമിനലിലേക്ക് അടുപ്പിക്കുന്നതിന് ജീവനക്കാരുടെ പരിചയക്കുറവ് ചെറിയ പ്രശ്നം സൃഷ്ടിച്ചത് ഒഴിച്ചാൽ പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. ഇതാദ്യമായാണ് രാജ്യത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനം റോ--റോ സർവിസ് ആരംഭിക്കുന്നത്. ഒരു തലക്കൽനിന്ന് കയറ്റുന്ന വാഹനങ്ങൾ മറുഭാഗത്തുകൂടി ഇറക്കാം എന്നതാണ് റോ-റോ ജങ്കാറുകളുടെ പ്രത്യേകത. നിലവിൽ ഇവിടെ സർവിസ് നടത്തുന്ന ജങ്കാറുകളിൽ കയറ്റുന്നതിനേക്കാൾ കൂടുതൽ വാഹനങ്ങൾ കയറ്റാനും സൗകര്യമുണ്ട്. കെ.വി. തോമസ് എം.പി, കെ.ജെ. മാക്സി എം.എൽ.എ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.ബി. സാബു, ഷൈനി മാത്യു, പി.എം. ഹാരിസ്, അഡ്വ. വി.കെ. മിനിമോൾ, ഗ്രേസി ജോസഫ്, കെ.വി.പി. കൃഷ്ണകുമാർ, പ്രതിപക്ഷനേതാവ് കെ.ജെ. ആൻറണി, കൗൺസിലർമാരായ ബെന്നി ഫെർണാണ്ടസ്, സീനത്ത് റഷീദ്, ടി.കെ. ഷംസുദ്ദീൻ, ഷീബലാൽ, ജയന്തി പ്രേംനാഥ്, ഷമീന, ബിന്ദു ലെവിൻ, ശ്യാമള എസ്. പ്രഭു, കെ.ജെ. പ്രകാശൻ, കൊച്ചിൻ ഷിപ്യാർഡ് ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. റോ-റോ വെസലിന് 60 ടൺ കേവുഭാരമാണുള്ളത്. ഒരേസമയം എട്ട് കാറും മുന്ന് ട്രക്കും 50യാത്രക്കാരും ഉൾക്കൊള്ളും. ഒരുമാസത്തിനകം ജങ്കാറും പുതിയ യാത്രബോട്ട് സർവിസും തുടക്കം കുറിക്കാനാണ് ഉദ്ദേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.