ജി.എസ്.ടി: വ്യാപാരികൾക്ക് ഓണം വിപണിയിൽ ആശങ്ക

കൊച്ചി: ഓണം വിപണി സജീവമാകാനിരിക്കെ ജി.എസ്.ടിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമമിടാൻ കഴിയാത്തതിനാൽ വ്യാപാരികൾക്കിടയിൽ പരക്കെ ആശങ്ക. വീട്ടുപകരണങ്ങൾ, വസ്ത്രം തുടങ്ങിയ മേഖലകളിലെ വ്യാപാരികളുടെ ആശങ്ക അകറ്റാനാണ് ഇനിയും കഴിയാത്തത്. വസ്ത്രവിപണിയിൽ ചരക്ക് സേവന നികുതി കാര്യമായി ബാധിച്ചിട്ടില്ലെങ്കിലും മേഖലയിലുണ്ടായിരിക്കുന്ന സംശയങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. അഞ്ചുശതമാനമാണ് മേഖലയിലെ ജി.എസ്.ടി. 1000 രൂപക്ക് മുകളിലുള്ളവക്ക് 12 ശതമാനവും നികുതി ഈടാക്കും. ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നില്ലെന്നാണ് വ്യാപാരികൾ പറ‍യുന്നത്. എന്നാൽ, വസ്ത്രനിർമാണ രംഗത്തെ ഇത് കാര്യമായി ബാധിച്ചിട്ടുണ്ടെന്നും അത് വിപണിയിൽ പ്രതിഫലിക്കാനിടയുണ്ടെന്നും സൂചനയുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ സോഫ്റ്റ്വെയർ അപ്ഡേഷൻ ഇനിയും പൂർത്തീകരിക്കാത്തതും പ്രശ്നമായി തുടരുകയാണ്. ഇവയെല്ലാം ശരിയാക്കിയാലേ ഓണവിപണി സജീവമാക്കാൻ കഴിയൂവെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. പച്ചക്കറി, പഴം തുടങ്ങിയവയെയും മറ്റ് ധാന്യങ്ങളെയും ജി.എസ്.ടി ബാധിക്കാത്തതിനാൽ ഓണസദ്യയുടെ കാര്യത്തിൽ പ്രശ്നമുണ്ടാവില്ലെന്നാണ് ജനങ്ങളുടെ വിശ്വാസം. എന്നാൽ, മറ്റ് മേഖലകളിൽ നികുതിവർധന വരുമ്പോൾ വിലക്കയറ്റം ഉണ്ടാകുമോ എന്ന ഭയം ആളുകളിലുണ്ട്. ഓണക്കാലത്ത് സജീവമാകുന്ന വീട്ടുപകരണ വിപണി ഇത്തവണ ചുരുങ്ങിയ നിലയിലാണ്. ഇത്തരത്തിലായിരുന്നാലും ഒരു മാസത്തിനകം പ്രശ്നങ്ങൾ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. ധനമന്ത്രിയുമായും നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായും നേരിൽ കണ്ട് താലൂക്കുതലം മുതൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബോധവത്കരണം നൽകണം എന്നാവശ്യപ്പെടാനൊരുങ്ങുകയാണ് ഇവർ. നോട്ട് പിൻവലിക്കലി​െൻറ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുമ്പുതന്നെ പുതിയ നികുതി നടപടി നടപ്പാക്കിയതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടുകയാണ് ഭൂരിഭാഗം വ്യാപാരികളും. ഏതാനും ആഴ്ചക്കകം ആശങ്ക പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഓണം വിപണി നഷ്ടത്തിലാകുമെന്നാണ് അവർ പറ‍യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.