നിർമാണമേഖലയിൽ സ്തംഭനം

കൊച്ചി: ജി.എസ്.ടി നടപ്പാക്കിയതോടെ സ്തംഭനാവസ്ഥയിലായത് പ്രധാനമായും നിർമാണമേഖലയാണ്. സർവത്ര ആശയക്കുഴപ്പം മൂലം ആദ്യം മുതൽക്കെ കരാറുകാർ ജോലി ഏറ്റെടുക്കാൻ തയാറാകാത്തതും നിർമാണസാമഗ്രികളുടെ വിലയെക്കുറിച്ചും നികുതി നിരക്കിനെക്കുറിച്ചുമുള്ള അവ്യക്തതകളും മേഖലയെ താളം തെറ്റിച്ചു. പഞ്ചായത്തുകൾ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ തുടങ്ങി എല്ലാ സ്ഥാപനത്തിലും ടെൻഡർ നടപടി പൂർത്തീകരിക്കാതെ നീണ്ടുപോകുന്നത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നേരത്തേ, പ്രവൃത്തിക്കുള്ള തുകയുടെ നാലുശതമാനമാണ് വാറ്റായി കരാറുകാരിൽനിന്ന് ഈടാക്കിയിരുന്നത്. ഇത് ബില്ലിൽനിന്ന് കുറവ് വരുത്തുകയായിരുന്നു. എന്നാൽ, ജി.എസ്.ടി പ്രകാരം 18 ശതമാനം നികുതി പ്രവൃത്തി പൂർത്തീകരിക്കേണ്ട സമയത്തിനുള്ളിൽ അടച്ചുതീർക്കണം. ഇത് കരാറുകാർക്ക് സാമ്പത്തിക നഷ്ടം വരുത്തുന്ന നടപടിയാണെന്നാണ് ആക്ഷേപം. തൊഴിലാളികളുടെ കൂലിക്കും സാധനവിലയ്ക്കും പുറമെ വൻതുക നഷ്ടമാകുന്നത് നീതീകരിക്കാനാവില്ലെന്നാണ് കരാറുകാരുടെ പക്ഷം. സംസ്ഥാനത്ത് നിർമാണ സാമഗ്രികൾക്ക് ഒന്നിനും ഏകീകൃത വില ഇല്ലാതെ എങ്ങനെയാണ് ജി.എസ്.ടി പ്രാവർത്തികമാക്കാൻ കഴിയുകയെന്നും അവർ ചോദിക്കുന്നു. മണൽ, മെറ്റൽ, എം-സാൻഡ് തുടങ്ങി ഒരു സാധനത്തിനും സംസ്ഥാനത്ത് കൃത്യമായ വിലയില്ല. ഓരോ സ്ഥലത്തും തോന്നുന്ന വിലയാണ്. ഈ സാഹചര്യത്തിൽ എങ്ങനെ ജി.എസ്.ടി ഏർപ്പെടുത്താൻ കഴിയും. നിർമാണ മേഖലയിൽ അശാസ്ത്രീയ രീതിയിലാണ് ജി.എസ്.ടി നടപ്പാക്കിയിരിക്കുന്നതെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.ഡി ജോർജ് 'മാധ്യമ'ത്തോട് പറഞ്ഞു. ചെറിയ ജോലികൾ ഏറ്റെടുത്ത് നടത്തുന്ന കരാറുകാർ വലിയ സാമ്പത്തിക ബാധ്യത അനുഭവിക്കുന്ന സാഹചര്യത്തിൽ ജി.എസ്.ടി ഇരട്ടി പ്രഹരമാണ് നൽകുന്നതെന്ന് മേഖലയിലുള്ളവർ പറയുന്നു. മുൻകൂർ നികുതി അടക്കുന്നത് ഒഴിവാക്കണമെന്നാണ് പ്രധാനമായും ഇവർ ആവശ്യപ്പെടുന്നത്. വിവിധ കോണുകളിൽ നിർമാണപ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.