ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഇ.എസ്.ഐ നിർബന്ധമാക്കും

കൊച്ചി: ജില്ലയിലെ മുഴുവന്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും ഇ.എസ്‌.ഐ നിര്‍ബന്ധമാക്കുമെന്ന് കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല പറഞ്ഞു. ഇവരിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ സന്നദ്ധസംഘടനകളുടെ സഹായത്തോടെ കണ്ടെത്തും. ആവശ്യമായ ചികിത്സ നൽകി പുനരധിവസിപ്പിക്കാനുള്ള റിഹാബിലിറ്റേഷന്‍ സ​െൻറര്‍ തുടങ്ങുന്നതും പരിഗണനയിലുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കൻ പെരുമ്പാവൂരില്‍ ഞായറാഴ്ച നടന്ന ജനസമ്പര്‍ക്ക പരിപാടിക്കുശേഷം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയായിരുന്നു കലക്ടര്‍. പരിപാടിയില്‍ 1100-ഓളം ഇതരസംസ്ഥാന തൊഴിലാളികൾ പങ്കെടുത്തു. ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവക്കായി 23 അക്ഷയ കൗണ്ടറുകള്‍ സജ്ജീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമീഷ​െൻറ തിരിച്ചറിയല്‍ കാര്‍ഡുമായി വന്ന 485 തൊഴിലാളികള്‍ക്ക് പുതിയ ആധാര്‍കാര്‍ഡ് നൽകാനുള്ള നടപടികള്‍ തുടങ്ങി. 35-ഓളം പേര്‍ പാന്‍ കാര്‍ഡിന് അപേക്ഷ നൽകി. ബാങ്കുകള്‍ വഴി നാട്ടിലേക്ക് പണം അടയ്ക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നവരും ഇന്നലെ സന്നിഹിതരായ തൊഴിലാളികളിലുണ്ടായിരുന്നു. ബാങ്ക് അക്കൗണ്ട് ആരംഭിക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാൻ അഞ്ച് ബാങ്കുകളുടെ കൗണ്ടറുകള്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. ഫെഡറല്‍ ബാങ്ക്, കനറാ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, എസ്.ബി.ഐ, യൂനിയന്‍ ബാങ്ക് എന്നിവയുടെ കൗണ്ടറുകളിലായി 140 പുതിയ അക്കൗണ്ടുകളാണ് ആരംഭിച്ചത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷ​െൻറ (ഐ.എം.എ)യുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പും സജ്ജമാക്കിയിരുന്നു. എട്ട് കൗണ്ടറുകളാണ് ഉണ്ടായിരുന്നത്. മലേറിയ, ടൈഫോയ്ഡ്, പ്രമേഹം, രക്തസമ്മര്‍ദം എന്നിവ പരിശോധിക്കാൻ സൗകര്യമൊരുക്കിയിരുന്നു. സൗജന്യ മരുന്നുവിതരണവും ഉണ്ടായിരുന്നു. ഐ.എം.എയുടെയും ദേശീയ ആരോഗ്യ ദൗത്യത്തി​െൻറയും ആഭിമുഖ്യത്തില്‍ 25-ഓളം കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നൽകി. തൊഴില്‍പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കു മുന്നില്‍ വന്ന അഞ്ച് പരാതികള്‍ നടപടികള്‍ക്കായി ജില്ല ലേബര്‍ ഓഫിസര്‍ക്ക് കൈമാറുകയും ചെയ്തു. തൊഴിലുടമ നൽകിയ കൂലി ഇടനിലക്കാരന്‍ തൊഴിലാളികള്‍ക്കു കൈമാറാത്തതു സംബന്ധിച്ച് ലഭിച്ച 12 പരാതികൾ റൂറല്‍ എസ്.പിക്ക് കൈമാറി. ദ്വിഭാഷികളുടെ സഹായത്തോടെയാണ് കലക്ടറും മറ്റ് ഉദ്യോഗസ്ഥരും ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത്. തേവര എസ്.എച്ച് കോളജിലെ നാഷനല്‍ സർവിസ് സ്‌കീം പ്രവര്‍ത്തകര്‍ ദ്വിഭാഷികളായി. മൂവാറ്റുപുഴ ആർ.ഡി.ഒ ഷാജഹാന്‍, എ.ഡി.എം എം.പി ജോസ്, ജില്ല ലേബര്‍ ഓഫിസര്‍ മുഹമ്മദ് സിയാദ്, റീജനല്‍ ജോയൻറ് ലേബര്‍ കമീഷണര്‍ കെ. ശ്രീലാല്‍ എന്നിവര്‍ പരാതികള്‍ പരിശോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.