അന്താരാഷ്​​ട്ര നിലവാരത്തിലേക്കുയരാൻ കൊച്ചി കപ്പൽശാല; ഒാഹരി വിൽപനയിൽ പ്രതീക്ഷ​യെന്ന്​ സി.എം.ഡി

കൊച്ചി: ഒാഹരി വിൽപനയിലൂടെ 1468 കോടിയുടെ മൂലധന സമാഹരണത്തിന് നടപടി പൂർത്തിയാക്കിയ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല കപ്പൽ നിർമാണ ശാലയായ കൊച്ചിൻ ഷിപ്യാർഡ് ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനീകരണം. 2,26,56,000 പുതിയ ഒാഹരികളടക്കം 3,39,84,000 ഒാഹരികളുടെ വിൽപന ആഗസ്റ്റ് ഒന്നിന് ആരംഭിക്കുമെന്ന് കൊച്ചിൻ ഷിപ്യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു എസ്. നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 3100 േകാടിയുടെ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. ഒാഹരി മൂലധനത്തിനുപുറമെ വായ്പ, കരുതൽ തുക എന്നിവയിലൂടെയാണ് ഇതിന് ഫണ്ട് കണ്ടെത്തുന്നത്. പുതിയ ഡ്രൈഡോക്, കൊച്ചിൻ പോർട്ട്ട്രസ്റ്റി​െൻറ അധീനതയിലുള്ള സ്ഥലത്ത് ആധുനിക കപ്പൽ നിർമാണശാല എന്നിവയുടെ നിർമാണത്തിനും പൊതു കോർപറേറ്റ് ആവശ്യങ്ങൾക്കുമാകും തുക വിനിയോഗിക്കുക. 310 മീറ്റർ നീളം വരുന്ന ഡ്രൈഡോക് നീളമേറിയ കപ്പലുകളെ ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കും. നിലവിൽ കപ്പൽ നിർമാണത്തിനും അറ്റകുറ്റപ്പണിക്കുമായി ഒാരോ ഡോക്കാണുള്ളത്. കപ്പലുകൾ നീക്കാനും എടുത്തുമാറ്റാനുമെല്ലാം കഴിയുന്ന സൗകര്യങ്ങളോടെയാകും നിർദിഷ്ട കപ്പൽ നിർമാണശാല. ഒാഹരിവിൽപന ആഗസ്റ്റ് മൂന്നിന് അവസാനിക്കും. 10 രൂപ മുഖവിലയുള്ള ഒാഹരികൾ 4,24,-432 രൂപ വിലയ്ക്കാണ് വിൽക്കുന്നത്. കപ്പൽശാല ജീവനക്കാർക്ക് ഒാഹരി ഒന്നിന് 21രൂപ വീതം ഇളവുണ്ട്. കുറഞ്ഞത് 30 ഒാഹരികൾക്ക് അപേക്ഷിക്കണം. അതുകഴിഞ്ഞാൽ ഇവയുടെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ജീവനക്കാർക്ക് 8,24,000 ഒാഹരികൾ സംവരണം ചെയ്തിട്ടുണ്ട്. വികസനപ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താൻ ഒാഹരി വിൽക്കാതിരുന്നാൽ ഭീമമായ വായ്പ എടുക്കേണ്ടിവരും. ഇത് കമ്പനിയുടെ നിലനിൽപുതന്നെ അപകടത്തിലാക്കുമെന്ന് സി.എം.ഡി പറഞ്ഞു. ജീവനക്കാർക്ക് നീക്കിവെച്ചതി​െൻറ ബാക്കി ഒാഹരികളുടെ 50 ശതമാനം (ഇതിൽനിന്ന് അഞ്ച് ശതമാനം ആനുപാതിക അടിസ്ഥാനത്തിൽ മ്യൂച്വൽ ഫണ്ടുകൾക്ക് മാത്രമായിരിക്കും) യോഗ്യതയുള്ള സ്ഥാപനങ്ങൾക്കും 35 ശതമാനം റീെട്ടയിൽ വ്യക്തിഗത വാങ്ങലുകാർക്കും 15 ശതമാനം സ്ഥാപന ഇതര വാങ്ങലുകാർക്കും അനുവദിക്കും. ഒാഹരികൾ ബി.എസ്.ഇ ലിമിറ്റഡിലും നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിലും ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും സി.എം.ഡി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.