ആലുവ മണപ്പുറത്ത്​ പതിനായിരങ്ങൾക്ക്​ ബലിതർപ്പണ സായുജ്യം

ആലുവ: കര്‍ക്കടകവാവ് ബലിതർപ്പണത്തിന് ആലുവ മണപ്പുറത്തേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. പെരിയാറ്റിൽ തർപ്പണം നടത്തി പിതൃമോക്ഷം നേടിയ ആത്മനിർവൃതിയോടെയാണ് ഏവരും മടങ്ങിയത്. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന വാവുബലി ചടങ്ങുകളിൽ ഏറ്റവും പ്രാധാന്യമേറിയതായാണ് ആലുവ മണപ്പുറത്തെ ബലിതർപ്പണം കണക്കാക്കപ്പെടുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് മണപ്പുറത്തെ ബലിതർപ്പണ ഒരുക്കത്തിന് നേതൃത്വം നൽകിയത്. ഒരേ സമയം ആയിരത്തോളം പേര്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു. ദേവസ്വം ബോർഡി​െൻറ ബലിത്തറകൾക്കുപുറമെ വേറെയും നൂറുകണക്കിന് ബലിത്തറകൾ സജ്ജമാക്കി. പത്ത് ദേവസ്വം ബോര്‍ഡ് ശാന്തിമാരും സഹായികളും നേതൃത്വം നൽകി. കൂടാതെ, 76 ശാന്തിമാര്‍ക്ക് ബലിതര്‍പ്പണത്തിന് ബോർഡ് അനുമതി നല്‍കിയിരുന്നു. അപകടം ഒഴിവാക്കാൻ പെരിയാറ്റില്‍ 190 മീറ്ററിലധികം താല്‍ക്കാലിക ബാരിക്കേഡുകളും തയാറാക്കി. ശനിയാഴ്ച രാത്രി തുടങ്ങിയ ബലിതർപ്പണം ഞായറാഴ്ച വൈകീട്ട് വരെ നീണ്ടു. മണപ്പുറം ശിവക്ഷേത്രത്തിലെ പൂജകള്‍ക്ക് ചേന്നാസ് മനക്കല്‍ പരമേശ്വരന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി മുല്ലപ്പിള്ളി മനക്കല്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടും മുഖ്യകാർമികത്വം വഹിച്ചു. തിരക്ക് ഒഴിവാക്കാൻ പൂജകള്‍ക്കും പ്രസാദങ്ങള്‍ക്കുമായി പ്രത്യേക കൗണ്ടർ തുറന്നിരുന്നു. കര്‍ക്കടകവാവ് ഹരിത പ്രോട്ടോകോള്‍ പ്രകാരമായതിനാല്‍ പ്ലാസ്റ്റിക് കുപ്പികള്‍ക്കും കാരി ബാഗുകള്‍ക്കും നിരോധനമുണ്ടായിരുന്നു. കൊട്ടാരക്കടവില്‍നിന്ന് ശിവരാത്രി മണപ്പുറത്തേക്കുള്ള കോണ്‍ക്രീറ്റ് നടപ്പാലം വഴിയും ദേശീയപാതയില്‍നിന്ന് മണപ്പുറം റോഡ് വഴിയുമാണ് ഭക്തർ എത്തിയത്. ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ആയിരത്തോളം പൊലീസുകാരെ സുരക്ഷക്ക് വിന്യസിച്ചിരുന്നു. തോട്ടക്കാട്ടുകര-മണപ്പുറം റോഡില്‍ ഗതാഗതം അനുവദിച്ചിരുന്നില്ല. ഞായറാഴ്ച പുലർച്ച നാലുമുതല്‍ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വിസ് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.