നെട്ടൂർ: . ശനിയാഴ്ച രാത്രി തുടങ്ങിയ വാവ് ഞായർ ഉച്ചകഴിഞ്ഞ് മൂന്നുവരെ നീണ്ടു. അവധി ദിവസവും തെളിഞ്ഞ അന്തരീക്ഷവും മുൻവർഷങ്ങളിലേതിലും കൂടുതൽ തിരക്കനുഭവപ്പെടാൻ കാരണമായി. ക്ഷേത്രങ്ങളിൽ തിരക്കു നിയന്ത്രിക്കാൻ ആവശ്യമായ സംവിധാനങ്ങൾ സജ്ജീകരിച്ചിരുന്നു. ബലിതർപ്പണത്തിനു പുറമേ കൂട്ടനമസ്‌കാരം, പിതൃനമസ്‌കാരം, തിലഹോമം, പിതൃപൂജ തുടങ്ങിയവക്കും തിരക്ക് അനുഭവപ്പെട്ടു. ബലിതർപ്പണത്തിനു ഭക്തർ ഏറെ സമയം കാത്തിരിക്കുന്നത് ഒഴിവാക്കാൻ കൂടുതൽ ബലിത്തറകൾ സജീകരിച്ചിരുന്നെങ്കിലും പലയിടത്തും നിര നീണ്ടു. ക്ഷേത്രങ്ങളിൽ പുലർച്ചതന്നെ ചടങ്ങുകൾ തുടങ്ങി. തിരുനെട്ടൂർ മഹാദേവർ ക്ഷേത്രത്തിൽ ബലിത്തറകൾ ഒരുക്കാതെയുള്ള 'വടാപൂജ' വഴിപാടിന് വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഉച്ചക്ക് 12നാണ് കൂട്ടനമസ്‌കാരം, പിതൃ നമസ്‌കാരം എന്നിവക്കുള്ള നീണ്ട നിര അവസാനിച്ചത്. നട അടച്ചതിനു ശേഷവും വാവ് ഉണ്ടായിരുന്നതിനാൽ വൈകി എത്തിയവർക്കും വടാപൂജ അർപ്പിക്കാനായി. നാൽപ്പതിനായിരത്തോളം പേരാണ് ക്ഷേത്രത്തിൽ എത്തിയത്. പുലർച്ച 3.30ന് വിഷ്ണു ക്ഷേത്രത്തിൽ നട തുറന്നു. പ്രത്യേക പൂജകൾക്കുശേഷം ബലിതർപ്പണം തുടങ്ങി. വലിയമ്പലത്തിെൻറ തെക്ക് ഭാഗത്തും വടാപൂജക്കായി വിഷ്ണു ക്ഷേത്രത്തിെൻറ വടക്കു ഭാഗത്തും പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നു. മഹാദേവ ക്ഷേത്രത്തിൽ പുലർച്ച നാലിന് നട തുറന്നു. മഹാദേവക്ഷേത്രത്തിൽ വിജയരാജ് എമ്പ്രാന്തിരിയും വിഷ്ണു ക്ഷേത്രത്തിൽ കൃഷ്ണറാവു എമ്പ്രാന്തിരിയും കാർമികത്വം വഹിച്ചു. 50 സഹകാർമികളും 25 ദേവസ്വം ജീവനക്കാരും ഉണ്ടായിരുന്നു. 500 കിലോ അരിയുടെ വടാപൂജ തയാറാക്കിയത്. ദേവസ്വം ബോർഡ് അംഗം ഉണ്ണികൃഷ്ണെൻറ മേൽനോട്ടത്തിലായിരുന്നു ക്രമീകരണങ്ങൾ. ചമ്പക്കര വൈഷ്ണവ ഗന്ധർവ ക്ഷേത്രത്തിൽ പുലർച്ച 5.30ന് ബലി തർപ്പണം തുടങ്ങി. ക്ഷേത്രം മേൽശാന്തി ഇ.എസ്. ബാബു നേതൃത്വം നൽകി. കുണ്ടന്നൂർ എസ്.എൻ.ഡി.പി യോഗം മഹാദേവ ക്ഷേത്രം, നെട്ടൂർ സുബ്രഹ് മണ്യ ചൈതന്യ ക്ഷേത്രം, കുമ്പളം തൃക്കോവിൽ ശിവക്ഷേത്രം, കുമാരാലയം സുബഹ്മണ്യ ക്ഷേത്രം, ലക്ഷ്മീനാരായണ ക്ഷേത്രം, ചേപ്പനം കോതേശ്വരം മഹാദേവ ക്ഷേത്രം, പനങ്ങാട് വ്യാസപുരം ക്ഷേത്രം, മരട് പാണ്ഡവത്ത് ശിവക്ഷേത്രം, തിരുഅയിനി ശിവക്ഷേത്രം, മരട് തെക്ക് സുബ്രഹ്മണ്യ ക്ഷേത്രം, മരട് തുരുത്തി ഭഗവതി ക്ഷേത്രം, പനങ്ങാട് സന്മാർഗ സന്ദർശിനി സഭവക വല്ലീശ്വരക്ഷേത്രം തുടങ്ങി മേഖലയിലെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതർപ്പണ ചടങ്ങുകളിൽ ആയിരങ്ങൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.