മട്ടാഞ്ചേരി: മട്ടാഞ്ചേരിയുടെ വാണിജ്യ പെരുമയാർന്ന നാളുകൾക്ക് മൂക സാക്ഷിയായി നിലനിന്ന അസ്രാജ് മാളിക ഓർമയാകുന്നു. ബലക്ഷയവും അപകടാവസ്ഥയും കണക്കിലെടുത്ത് കെട്ടിടം പൊളിച്ചുമാറ്റാൻ കലക്ടർ ഉത്തരവിട്ടിരുന്നു. കെട്ടിടത്തിന് മൂന്ന് നൂറ്റാണ്ട് പഴക്കമുള്ളതായാണ് കണക്കാക്കുന്നത്. മുസ്ലിം സമുദായത്തിൽപ്പെട്ട അല്ലായമാർ വാണിജ്യ ആവശ്യത്തിന് കൊച്ചിയിലെത്തിയപ്പോൾ മട്ടാഞ്ചേരി ബസാറിൽ പാണ്ടികശാലകളും കുടുംബസമേതം താമസിക്കാൻ കെട്ടിടങ്ങളും നിർമിച്ചിരുന്നു. ഇതിലൊന്നാണ് അസ്രാജ് കെട്ടിടം.1815 കാലയളവിലാണ് ഗുജറാത്തിലെ കച്ച് മേഖലയിൽനിന്നും കച്ചി മേമൻ വിഭാഗം വർത്തക സമൂഹമായി കൊച്ചിയിലെത്തിയത്. അക്കാലത്ത് ബർമയിൽ നിന്നായിരുന്നു കൊച്ചിയിലേക്ക് ചരക്കുകൾ എത്തിയിരുന്നത്. അവിടെ വാണിജ്യം ചെയ്തിരുന്ന അല്ലായമാർ കച്ചി മേമൻ സമൂഹവുമായുള്ള സൗഹൃദത്തെതുടർന്ന് മട്ടാഞ്ചേരി വാണിജ്യ കേന്ദ്രമായി തെരഞ്ഞെടുക്കുകയായിരുന്നു. മട്ടാഞ്ചേരി ബസാറിൽ നിരവധി ഗോഡൗണുകളും ഇവർ നിർമിച്ചു. രണ്ടാം ലോകയുദ്ധ കാലത്ത് ധാന്യക്ഷാമം രൂക്ഷമായപ്പോൾ അല്ലായമാരായ വ്യാപാരികൾ അരിക്കു പകരം മക്രോണി ഇറക്കുമതി ചെയ്ത് സംഭരിച്ചത് അസ്രാജ് കെട്ടിടത്തോട് ചേർന്നുള്ള ഗോഡൗണിലായിരുന്നു. ഇന്ത്യ വിഭജനത്തെ തുടർന്ന് അല്ലായമാർ സ്വത്തും വസ്തു വകകളും ഉപേക്ഷിച്ച് പാകിസ്ഥാനിലേക്ക് കുടിയേറിയപ്പോൾ അവയെല്ലാം അഭയാർഥി ഭൂമിയായി കേന്ദ്ര സർക്കാർ കണ്ടുകെട്ടി. കൈമാറ്റ പ്രക്രിയകൾ അനുവദനീയമല്ലാത്ത അഭയാർഥി ഭൂമിയെ സംബന്ധിച്ച് മിനി ആൻറണി ഫോർട്ട്കൊച്ചി ആർ.ഡി.ഒ ആയിരിക്കെ നടത്തിയ കണക്കെടുപ്പിൽ അസ്രാജ് ബിൽഡിങ് അടക്കം 84 സെൻറ് ഭൂമി മാത്രമാണ് അവശേഷിക്കുന്നത്. ബാക്കി ഭൂമാഫിയകൾ കൈക്കലാക്കി. ഏക്കർ കണക്കിന് ഭൂമിയും അമ്പതോളം ഗോഡൗണുകളും കെട്ടിടങ്ങളും ഉപേക്ഷിച്ചാണ് അല്ലായമാർ പാകിസ്താനിലേക്ക് പോയത്. ഇതിൽ പത്ത് സെൻറ് ഭൂമി പാകിസ്താനിൽനിന്ന് സ്വത്തുക്കൾ ഉപേക്ഷിച്ച് കൊച്ചിയിലെത്തിയ വ്യവസായികളായ ഖന്ന കുടുംബത്തിന് ഡോ. രാജേന്ദ്രപ്രസാദ് രാഷ്ട്രപതിയായിരിക്കെ കൈമാറിയിരുന്നു. അസ്രാജ് മാളിക പൊളിച്ചുമാറ്റുമ്പോൾ നഷ്ടപ്പെട്ട അഭയാർഥി ഭൂമിയെക്കുറിച്ചും അന്വേഷണം നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.