പാർലമെൻറിൽ ബിൽ അവതരിപ്പിക്കും കൊൽക്കത്ത: പഠന നിലവാരം പരിഗണിക്കാതെ എട്ടാം ക്ലാസ് വരെ മുഴുവൻ വിദ്യാർഥികളെയും ജയിപ്പിക്കുന്ന രീതിക്ക് മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. അഞ്ച്, എട്ട് ക്ലാസുകളിൽ നിർബന്ധമായും വിജയം നേടിയാൽ മാത്രമേ അടുത്ത ക്ലാസിലേക്ക് പ്രവേശനം ലഭിക്കൂ. ഇതുസംബന്ധിച്ച ബിൽ ഉടൻ പാർലമെൻറിൽ അവതരിപ്പിക്കുമെന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേകർ പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗത്തിൽ ഇൗയിടെ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ബിൽ നിയമമാകുന്നതോടെ മാർച്ചിൽ എല്ലാ സംസ്ഥാനങ്ങളും സ്കൂൾ പരീക്ഷ നടത്തും. അഞ്ച്, എട്ട് ക്ലാസുകളിൽ പരാജയപ്പെടുന്ന വിദ്യാർഥികൾക്ക് മേയിൽ പ്രത്യേക പരീക്ഷയുണ്ടാകും. ഇതിലും പരാജയപ്പെട്ടാൽ യഥാക്രമം ആറ്, ഒമ്പത് ക്ലാസുകളിൽ ഇരിക്കാൻ അനുവദിക്കില്ല. പഠന നിലവാരം തീരെ മോശമായ കുട്ടികൾ ഒമ്പതാം ക്ലാസിൽ എത്തുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. പൂർണമായും സംസ്ഥാന സർക്കാറുകളുടെ കീഴിലായിരിക്കും ഇങ്ങനെ പരീക്ഷ നടക്കുക. 'ഒാൾ പാസ്' രീതിയിൽ മാറ്റം വരുത്തുന്ന നടപടിയോട് 25 സംസ്ഥാനങ്ങൾ യോജിപ്പ് അറിയിച്ചതായി മന്ത്രി വ്യക്തമാക്കി. ''പല സർക്കാർ സ്കൂളുകളിലും പരീക്ഷയില്ല. ഇതുമൂലം ഉച്ചക്കഞ്ഞി വിതരണ കേന്ദ്രങ്ങൾ മാത്രമായി സ്കൂളുകൾ മാറി. ഒന്നുമുതൽ എട്ടുവരെ എല്ലാവരെയും ജയിപ്പിക്കുന്നത് വിദ്യാർഥികളെത്തന്നെയാണ് പ്രതികൂലമായി ബാധിക്കുന്നത്'' -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.