അങ്കമാലി: കറുകുറ്റി പഞ്ചായത്തിലെ നീലോലിപ്പാറയില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ യുവാവിനെ അങ്കമാലി എക്സൈസ് സംഘം പിടികൂടി. കറുകുറ്റി നീലോലിപ്പാറ മൂലന്‍വീട്ടില്‍ ജിജുവാണ് (21) പിടിയിലായത്. 23ഗ്രാം കഞ്ചാവും 600 രൂപയും പ്രതിയില്‍നിന്ന് കണ്ടെടുത്തു. ഒന്നര ആഴ്ചക്കുള്ളില്‍ എക്സൈസ് സംഘത്തിെൻറ പിടിയിലാകുന്ന ആറാമത്തെ പ്രതിയാണിത്. അതിരഹസ്യമായി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമായിരുന്നു പ്രതി കഞ്ചാവ് വില്‍പന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികളില്‍നിന്ന് മൊത്തമായി വാങ്ങി ചെറിയ പൊതികളിലാക്കി 400 മുതല്‍ 500 രൂപക്കുവരെയാണ് വില്‍പന നടത്തിയിരുന്നത്. ബുധനാഴ്ച കച്ചവടം തുടങ്ങിയപ്പോള്‍തന്നെ പ്രതി എക്സൈസിെൻറ പിടിയിലാവുകയായിരുന്നു. കഴിഞ്ഞദിവസം പീച്ചാനിക്കാട് ഭാഗത്തുനിന്ന് നാട്ടുകാരുടെ സഹായത്തോടെ അഞ്ചുപേരെയാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. അവരില്‍നിന്ന് 140 ഗ്രാം കഞ്ചാവും 1200 രൂപയും കണ്ടെടുത്തു. അതിനിടെ, ഒരു കിലോക്ക് താഴെ കഞ്ചാവ് പിടികൂടിയാല്‍ ജാമ്യം ലഭിക്കുമെന്നതിനാല്‍ കുറഞ്ഞ തോതില്‍ കഞ്ചാവ് കൈവശം വെച്ചാണ് സംഘം വില്‍പന നടത്തുന്നത്. ഓരോ സ്റ്റോക്കും വിറ്റ് തീര്‍ത്തശേഷമാണ് രഹസ്യമായി സൂക്ഷിച്ചിട്ടുള്ള ഇടങ്ങളില്‍നിന്ന് കൊണ്ടുവന്ന് വീണ്ടും വില്‍പന നടത്തുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ ആര്‍.പ്രശാന്ത്, പ്രിവൻറിവ് ഓഫിസര്‍മാരായ എം.കെ. ഷാജി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ടി.ഡി. ജോസ്, ശ്യം മോഹന്‍, നിഖില്‍ കൃഷ്ണ, എസ്. പ്രദീപ്കുമാര്‍, കെ.എസ്. സിദ്ദീഖ്, കെ.എ. പോള്‍, എന്‍.സുരേഷ്ബാബു, വനിത സിവില്‍ ഓഫിസര്‍ വി.പി. വിജു എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കഞ്ചാവ്, ലഹരിമരുന്ന് എന്നിവ സംബന്ധിച്ച് 9400069572 നമ്പറില്‍ ധരിപ്പിക്കാവുന്നതാണെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.