ആലപ്പുഴ: നഗരത്തിലെ പലഭാഗങ്ങളിലും ശുദ്ധജലം കിട്ടാക്കനിയാകുന്നു. ജില്ല കോടതി വാർഡ്, ചാത്തനാട്, കിടങ്ങാംപറമ്പ്, തത്തംപ്പള്ളി, അവലൂക്കുന്ന് തുടങ്ങിയ ഭാഗങ്ങളിൽ ശുദ്ധജലം ലഭിക്കാതെ ജനങ്ങൾ നെട്ടോട്ടം ഓടുകയാണ്. നിലവിൽ ലഭിക്കുന്ന വെള്ളത്തിന് തുരുമ്പ് നിറമാണ്. പലയിടങ്ങളിലും വെള്ളത്തിൽ പുഴുക്കളുമുണ്ടെന്ന് ആക്ഷേപമുണ്ട്. ആലപ്പുഴ കുടിവെള്ള പദ്ധതി തുടങ്ങിയതോടെ ശുദ്ധജലം കിട്ടുമെന്ന് ജനങ്ങൾ വിശ്വസിച്ചു. എന്നാൽ, ടാങ്കുകൾ മാത്രമാണ് പുതിയത്. പഴയ പൈപ്പ് ലൈനിലൂടെ വിതരണം തുടരുന്നതാണ് മലിനജലം ലഭിക്കാൻ കാരണം. ഈ പ്രദേശങ്ങളിൽ ഭൂരിഭാഗം ജനങ്ങളും ജല അതോറിറ്റിയെ ആണ് ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേപോലെ സംഭവങ്ങൾ ആവർത്തിച്ചിരുന്നു. നാട്ടുകാർ അന്നും പരാതിയുമായി ജല അതോറിറ്റിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. അതേസമയം, മലിനജലം വരുന്നത് എക്കൽ അടിഞ്ഞത് മൂലമാണെന്നാണ് അധികൃതർ പറയുന്നത്. പ്രശ്നം മൂന്ന് ദിവസത്തിനകം പരിഹരിക്കാനാണ് ശ്രമം. അതേസമയം, നഗരത്തിലെ കുടിവെള്ള വിതരണം കുറ്റമറ്റതും കാര്യക്ഷമവും ആക്കണമെന്ന് ആവശ്യപ്പെട്ട് കൊറ്റംകുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ജല അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. താമസിച്ച് എത്തിയ ഉദ്യോഗസ്ഥരെ സമരക്കാർ ഓഫിസിലേക്ക് കയറ്റിവിടാൻ വിസമ്മതിച്ചു. സമരത്തിന് ശേഷമാണ് ഇവർക്ക് അകത്ത് കടക്കാൻ കഴിഞ്ഞത്. എക്സിക്യൂട്ടിവ് എൻജിനീയറുമായി നടത്തിയ ചർച്ചയിൽ മൂന്ന് ദിവസത്തിനകം പ്രശ്നത്തിന് പരിഹാരം കാണാമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് സാബു, അഡ്വ. ജി. മനോജ് കുമാർ, ആർ.ബി. നിജോ, ബ്ലോക്ക് പ്രസിഡൻറ് സിറിയക് ജേക്കബ്, കൗൺസിലർമാരായ ബി. മെഹബൂബ്, ആർ.ആർ. ജോഷി രാജ് തുടങ്ങിയവർ നേതൃത്വം നൽകി വൈദ്യുതി മുടങ്ങും പുന്നപ്ര: പുന്നപ്ര ഇലക്ട്രിക്കൽ സെക്ഷെൻറ കീഴിലെ ഗുരുപാദം, പത്തിൽപാലം എന്നീ ട്രാൻസ്ഫോർമറിെൻറ കീഴിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.