കാക്കനാട്: ജില്ലയിലെ മുഴുവൻ വില്ലേജുകളിലും ഓൺലൈൻ പോക്കുവരവ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. ആഗസ്റ്റിൽ ഓൺലൈൻ പോക്കുവരവ് പൂർണമായും നടപ്പാക്കും. ഇതിെൻറ ജില്ലതല അവലോകന യോഗം ചേംബറിൽ നടന്നു. ജില്ലയിലെ റീസർവേ ചെയ്തിട്ടില്ലാത്ത 54 വില്ലേജ് ഓഫിസുകളിലെ ബി.ടി.ആർ, തണ്ടപ്പേർ ഡിജിറ്റലൈസേഷൻ ആഗസ്റ്റിൽ പൂർത്തീകരിക്കും. ഇതോടൊപ്പം വില്ലേജുകളിൽ ഭൂനികുതി സ്വീകരിക്കുന്നതും ഓൺലൈൻ വഴി നടപ്പാക്കും. ഭൂരേഖ കമ്പ്യൂട്ടർവത്കരണത്തിെൻറ ഭാഗമായി റീസർവേ പൂർത്തീകരിച്ച 73 വില്ലേജുകളിൽ ഓൺലൈൻ പോക്കുവരവ് സംവിധാനം നടപ്പാക്കി. 54 വില്ലേജുകളിൽ രേഖകളുടെ ഡിജിറ്റലൈസേഷൻ ആരംഭിച്ചിട്ടുണ്ട്. വില്ലേജ് ഓഫിസുകളിലെ പോക്കുവരവ് നടപടികൾ സുതാര്യവും സമയബന്ധിതവുമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് കലക്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി. 73 വില്ലേജുകളിലെ 22 ലക്ഷത്തോളം രേഖകളാണ് ഡിജിറ്റലൈസേഷൻ പൂർത്തിയാക്കിയത്. ഓൺലൈൻ പോക്കുവരവ് നടപ്പാക്കുന്നതിെൻറ ഭാഗമായി ആധാരത്തിന് മുമ്പ് ബന്ധപ്പെട്ട വില്ലേജിൽനിന്ന് വിൽക്കുന്നയാളുടെ പേരിലുള്ള തണ്ടപ്പേർ (ആർ.ഒ.ആർ) ലഭ്യമാക്കി ആധാരം തയാറാക്കി രജിസ്റ്റർ ചെയ്യണം. ഇതുവഴി വില്ലേജ് രേഖകളുടെ പരിശോധന സാധ്യമാകുകയും കള്ള ആധാര രജിസ്േട്രഷൻ തടയുകയും ഭൂമി വാങ്ങുന്നവർ കബളിപ്പിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാകുകയും ചെയ്യും. വില്ലേജ് ഓഫിസിൽനിന്ന് വിൽക്കുന്ന കക്ഷിയുടെ തണ്ടപ്പേർ പകർപ്പ് വാങ്ങിയതിെൻറ അടിസ്ഥാനത്തിലാണ് ആധാരം നടത്തിയതെങ്കിൽ ആധാരം നടന്ന് പതിനഞ്ച് ദിവസത്തിനുള്ളിൽ പ്രത്യേക അപേക്ഷ നൽകാതെ പോക്കുവരവ് സാധ്യമാകും. മുൻഗണന പട്ടികയിലുള്ള അനർഹർ സ്വയം പിന്മാറണം കാക്കനാട്: പുതിയ റേഷൻ കാർഡ് വിതരണവുമായി ബന്ധപ്പെട്ട് അന്തിമ മുൻഗണന പട്ടികയിൽ സ്ഥാനം നേടിയിട്ടുള്ള അനർഹർ പട്ടികയിൽനിന്ന് സ്വയം പിൻമാറണമെന്ന് ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. നാലു ചക്രവാഹനമുള്ളവർ, 1000 ചതുരശ്ര അടിയിൻമേൽ വീടുള്ളവർ, ഒരേക്കറിൻ മേൽ ഭൂമിയുള്ളവർ, ഉയർന്ന സാമ്പത്തികമുള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ, സർക്കാർ ജീവനക്കാർ, അധ്യാപകർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർ, സർവിസ് പെൻഷണർമാർ, വിദേശത്ത് ജോലിയുള്ളവർ ഉൾപ്പെട്ട റേഷൻ കാർഡുകൾ അന്തിമ മുൻഗണന പട്ടികയിൽ ഉള്ള പക്ഷം ജൂലൈ 22 നകം റേഷൻ കാർഡ് ജില്ല കലക്ടറേറ്റിൽ സറണ്ടർ ചെയ്യണം. അതിനുശേഷം ജില്ല കലക്ടറുടെ പ്രത്യേക സ്ക്വാഡ് ഇപ്രകാരമുള്ള അനർഹരെ കണ്ടെത്താൻ ഫീൽഡ് ഇൻസ്പെക്ഷൻ നടത്തും. മേൽ പറഞ്ഞവർ അനർഹമായി പുതിയ റേഷൻ കാർഡിൽ മുൻഗണന പട്ടികയിൽ ഉൾപ്പെട്ടതായി കണ്ടെത്തിയാൽ ഇവർക്കെതിരേ കർശന നടപടി സ്വീകരിക്കും. കൂടാതെ മുൻഗണന കാർഡ് പ്രകാരം 2016 നവംബർ മാസം മുതൽ വാങ്ങിയ ഭക്ഷ്യധാന്യത്തിെൻറ വിപണി വിലയും പിഴയും ഈടാക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ല സപ്ലൈ ഓഫിസുമായി ബന്ധപ്പെടുക. ഫോൺ: 0484 2422251, 2423359.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.