മൂവാറ്റുപുഴയിൽ തെരുവുനായ് ആക്രമണം; എട്ട് ആടുകളെ കടിച്ചുകൊന്നു

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ വീണ്ടും തെരുവുനായ് ആക്രമണം. മൂന്ന് കുഞ്ഞുങ്ങളടക്കം എട്ട് ആടുകളെ കടിച്ചുകൊന്നു. പായിപ്ര മാനാറിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. അഞ്ചോളം വരുന്ന നായ്ക്കൂട്ടമാണ് ആടുകളെ ആക്രമിച്ചത്. മാനാറി ചേന്നൻപറമ്പ് മലയിലെ ആളൊഴിഞ്ഞ പറമ്പിൽ മേയാൻവിട്ട നാല് പെണ്ണും മൂന്നു കുഞ്ഞുങ്ങളുമടക്കം എട്ട് ആടുകളാണ് ചത്തത്. മാനാറി സ്വദേശിയുടേതാണ് ആടുകൾ. സമീപത്തെ ചാരപ്പാട്ട് മലയിൽ തമ്പടിച്ചിരിക്കുന്ന നായ്ക്കൂട്ടം ആടുകളെ കടിച്ചു കൊല്ലുകയായിരുന്നു. കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തുമ്പോഴേക്കും നായ്ക്കൾ ഒാടിപ്പോയി. കഴിഞ്ഞയാഴ്ച പായിപ്ര പഞ്ചായത്ത് 15-ാം വാര്‍ഡില്‍ മുടവൂരില്‍ വടക്കുംപുറത്ത് ബിനുവി​െൻറ ആട്ടിന്‍കുട്ടിയെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നിരുന്നു. മുളവൂർ മേക്കപ്പടിക്കൽ അഷറഫി​െൻറ കോഴിക്കൂട് തകർത്ത് അഞ്ച് ഗിനിക്കോഴികളെ കടിച്ചുകൊന്നതും അടുത്ത ദിവസമാണ്. മൈക്രോവേവ് മേഖലയിൽ നായ്ശല്യം മൂലം നാട്ടുകാർ കുട്ടികളെ പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. മദ്റസകളിലും സ്കൂളിലും പോകുന്ന വിദ്യാർഥികളെ നായ്ക്കൾ ഓടിക്കുന്നത് പതിവാണ്. പള്ളിച്ചിറങ്ങര, ചാരപ്പാട്, മുളവൂർ, മുടവൂർ, നിരപ്പ് എന്നിവിടങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്. പഞ്ചായത്തിൽ അറവുശാലകളുടെ പ്രവർത്തനത്തിൽ നിയന്ത്രണം വന്നതാണ് നായ്ക്കൾ ജനവാസ പ്രദേശങ്ങൾ കേന്ദ്രീകരിക്കാൻ കാരണം. പള്ളിച്ചിറങ്ങരയിലും പരിസര പ്രദേശങ്ങളിലും നിന്നെത്തുന്ന തെരുവുനായ്ക്കൾ കൂട്ടമായി ഇപ്പോൾ തമ്പടിച്ചിരിക്കുന്നത് ചാരപ്പാട് മലകളിലാണന്ന് നാട്ടുകാർ പറയുന്നു. ഇവിടെയുള്ള പ്ലൈവുഡ് കമ്പനികളിലെ ജോലിക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കന്ന മേഖലയിലെ ഭക്ഷണാവശിഷ്ടങ്ങൾ ലക്ഷ്യമിട്ടെത്തുന്ന നായ്ക്കൾ ഇവ കിട്ടാതെവരുന്നതോടെ വളർത്തുമൃഗങ്ങളെ ലക്ഷ്യംവെക്കുകയാണ്. തെരുവുനായ് ആക്രമണത്തിനെതിരെ ബന്ധപ്പെട്ടവർ നടപടി െകെക്കൊള്ളുന്നില്ലെന്ന പരാതി വ്യാപകമാണ്. മൂവാറ്റുപുഴയിലും പരിസരങ്ങളിലും 'എബിസി' പദ്ധതികൊണ്ടുവന്നെങ്കിലും പൂർണമായി നടപ്പാക്കാനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.