കൊച്ചി: മെട്രോ കൊച്ചി നഗരത്തിന് കൗതുകക്കാഴ്ചയായ കാലം കടന്നുപോവുകയാണ്. കേരളത്തിന് ഇനി കാണേണ്ടത് പദ്ധതിയുടെ ഭംഗിയായ പൂർത്തീകരണമാണ്. ആലുവ മുതൽ പേട്ട വരെ നിർമാണങ്ങളുടെ പൂർത്തീകരണം. ഇത് പ്രാവർത്തികമാകുന്നതോടെയേ കൊച്ചി മെട്രോ കൊണ്ട് നഗരവാസികൾക്ക് പ്രയോജനമുണ്ടാകൂ എന്ന അഭിപ്രായം ശക്തമാണ്. ഗതാഗതക്കുരുക്ക് ഒഴിഞ്ഞ് കിട്ടേണ്ട കൊച്ചിയിലെ പ്രധാന ഭാഗങ്ങളെല്ലാം ഈ മേഖലയിലാണ്. േപട്ട വരെ മെേട്രാ എത്താൻ കമ്പനി പറയുന്ന കാലം 30 മാസമാണ്. ചുരുങ്ങിയ കാലയളവ് കൊണ്ട് നിർമാണം ആലുവ മുതൽ പാലാരിവട്ടം വരെ നിർമാണം പൂർത്തിയാക്കിയ വൈദഗ്ധ്യം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കൊച്ചി. നിർമാണം പൂർത്തിയായ ആലുവ മുതൽ പാലാരിവട്ടം വരെ സ്റ്റേഷനുകളിൽ സർവിസ് നടത്തിക്കൊണ്ടിരിക്കുകയാണ്. പാലാരിവട്ടത്ത് നിന്ന് മഹാരാജാസ് ഗ്രൗണ്ട് വരെ സ്റ്റേഷനുകളുടെ ഉദ്ഘാടനം സെപ്റ്റംബറിൽ നിർവഹിക്കാനുള്ള ശ്രമത്തിലുമാണ്. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കലൂർ, ലിസി, എം.ജി റോഡ്, മഹാരാജാസ് കോളജ് എന്നിവയാണ് ഇവിടെവരെയുള്ള സ്റ്റേഷനുകൾ. ഇതിെൻറ ഭാഗമായി ട്രാക്ക് ഉൾപ്പെടെ പൂർത്തിയാക്കി പരിശീലന ഒാട്ടം ആരംഭിച്ചുകഴിഞ്ഞു. ഇനിയുള്ള ശ്രദ്ധാകേന്ദ്രം മഹാരാജാസ് ഗ്രൗണ്ട് മുതൽ പേട്ട വരെയുള്ളതാണ്. ഈ പ്രദേശത്ത് ചില സ്ഥലങ്ങളിൽ മാത്രമാണ് പണി പുരോഗമിക്കുന്നത്. പല മേഖലകളിലും നിർമാണ പ്രവർത്തനം നടക്കുന്നില്ല. മഹാരാജാസ് ഗ്രൗണ്ട് മുതൽ സൗത്ത് പാലം വരെ സ്ഥലങ്ങളിൽ പണികൾ ഒന്നും നടക്കുന്നില്ല. എന്നാൽ, സൗത്ത് റെയിൽേവ പാളങ്ങൾക്ക് മുകളിലൂടെ കടന്നുപോകുന്ന മേഖലയിൽ മെട്രോ വയഡക്ടിെൻറ നിർമാണം ധൃത ഗതിയിൽ പുരോഗമിക്കുകയാണ്. പാളത്തിെൻറ ഇരുവശത്തുമായി നിർമിക്കുന്ന കാൻഡ് ലിവർ ടെക്നോളജിയിലാണ് ഇവയുടെ നിർമാണം. തൂണുകളുടെ അവസാനഘട്ട നിർമാണമാണ് നടക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഇത് പൂർത്തിയായാൽ ഉടൻ വയഡക്ടിെൻറ നിർമാണം ആരംഭിക്കും. ഇവിടെനിന്ന് എസ്.എ റോഡ് വഴി വൈറ്റിലയിലേക്കാണ് മെട്രോ പാത. ഈ മേഖലയിൽ നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. എറണാകുളം സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം, പേട്ട എന്നിവയാണ് ബാക്കിയുള്ള സ്റ്റേഷനുകൾ. തുടർന്ന് അലയൻസ് ജങ്ഷൻ, എസ്.എൻ ജങ്ഷൻ, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലേക്കും മെട്രോ ഓടിയെത്തും. വൈറ്റില മുതൽ പേട്ട വരെ ഭാഗങ്ങളിൽ ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ നടപടികൾ ഇനിയും നടക്കാനിരിക്കുന്നതേയുള്ളു. ഇത് സംസ്ഥാന സർക്കാർ പൂർത്തീകരിച്ചാൽ മാത്രമെ 30 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ കഴിയൂ. നടപടി ക്രമങ്ങൾ ഇഴഞ്ഞാണ് നീങ്ങുന്നത്. ഈ മേഖലയിൽ നിർമാണത്തിന് ഏറ്റവും അധികം സമയം വേണ്ടി വരിക ചമ്പക്കര പാലത്തിലാണ്. ഇവിടെ നോർത്തിൽ ചെയ്തതിന് സമാനമായ രീതിയിൽ വലുപ്പമേറിയ പുതിയ പാലം നിർമിക്കുകയാണ് ചെയ്യേണ്ടത്. ചമ്പക്കര- തൃപ്പൂണിത്തുറ റോഡ് നാലുവരിയാക്കുന്നതിെൻറ ജോലികൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.