ശുചീകരണത്തിനുള്ള തുക തദ്ദേശ സ്ഥാപനങ്ങൾ പാഴാക്കി; ജില്ലയിൽ പകർച്ചവ്യാധി വ്യാപിക്കുന്നു

ആലപ്പുഴ: ശുചീകരണത്തിന് വിനിയോഗിക്കേണ്ട തുക തദ്ദേശ സ്ഥാപനങ്ങൾ പാഴാക്കിയത് ജില്ലയിലെ ആരോഗ്യരംഗത്തെ പ്രതിസന്ധിയിലാക്കി. മാലിന്യനീക്കം പൂർണമായും നിലച്ചതോടെ പകർച്ചപ്പനി അടക്കമുള്ള രോഗങ്ങൾ വിവിധ മേഖലകളിൽ പടരുകയാണ്. വിശദമായ വിവരശേഖരണവും പരിശോധനയും ഇല്ലാത്തതാണ് പണം നഷ്ടപ്പെടാൻ കാരണം. ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ ശുചിത്വമിഷൻ മുഖേന അനുവദിക്കുന്ന 10,000 രൂപയും തനത് ഫണ്ടായ 5000 രൂപയും ഉപയോഗപ്പെടുത്തിയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തേണ്ടത്. ശുചീകരണ പ്രവർത്തനങ്ങൾക്കുശേഷം തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിൽ സർക്കാർ ചെലവായ അധിക തുക തിരിച്ചുനൽകുകയാണ് പതിവ്. ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ ഓരോ തദ്ദേശസ്ഥാപനവും കാലേക്കൂട്ടിയുള്ള പദ്ധതി ആവിഷ്കരിച്ചിരുന്നു. വാർഡുതോറും ശുചിത്വ കമ്മിറ്റികൾ രൂപവത്കരിക്കുകയും ചെയ്തു. എന്നാൽ, ശുചീകരണ പ്രവർത്തനങ്ങൾക്ക് ലഭിച്ച തുക മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നു. ശുചീകരണവുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളിലുണ്ടായ അപാകതകൾ പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ ഇത്തവണ പ്രത്യേക നിർദേശം നൽകിയിരുന്നു. ശുചീകരണത്തി​െൻറ ചിത്രങ്ങൾ കൈമാറുക, പണം ഉപയോഗിച്ചശേഷം സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് തയാറാക്കുക എന്നീ നിർദേശങ്ങളൊന്നും നടപ്പായില്ല. ആവിഷ്കരിച്ച പദ്ധതികളൊന്നും ഫലവത്താകാതെ വന്നതോടെ ആലപ്പുഴ നഗരസഭയിൽ അടക്കം പകർച്ചവ്യാധികൾ വർധിക്കുകയാണ്. ദിവസം ആയിരത്തിലധികം പേരാണ് പനിബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നത്. അതിനിടെ 15 പേരുടെ ജീവനും പനി കവർന്നു. ഡെങ്കിപ്പനിയാണ് കൂടുതൽ ഭീതി പരത്തുന്നത്. അതേസമയം, ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെ വാദം. എന്നാൽ, രേഖകളിൽ മാത്രമാണ് ശുചീകരണമെന്ന് ജനങ്ങൾ ആരോപിക്കുന്നു. പലയിടത്തും മാലിന്യം കുമിഞ്ഞുകൂടുകയാണ്. മലിനജലം കെട്ടിക്കിടന്നുള്ള ദുരിതങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്നും ജനങ്ങൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.