റെയിൽവേ സ്​റ്റേഷനിൽ ഓട പൊട്ടി മാലിന്യം ഒഴുകുന്നു: നടപടിക്ക് നിർദേശം നൽകിയെന്ന്​ എം.പി

ആലപ്പുഴ: റെയിൽവേ റിസർവേഷൻ കൗണ്ടറിന് സമീപത്തെ ഓട പൊട്ടി മാലിന്യം പുറത്തേക്കൊഴുകുന്നു. ഭക്ഷണശാലയിൽനിന്ന് മാലിന്യം ഒഴുക്കിക്കളയുന്ന ഓടയാണ് പൊട്ടിയൊലിക്കുന്നത്. ദുരിതം വിവരിച്ച് യാത്രക്കാരൻ നൽകിയ പരാതിയിൽ സാഹചര്യം പരിശോധിച്ച് അടിയന്തരമായി പരിഹരിക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി റെയിൽവേ ഡിവിഷനൽ അധികൃതർക്ക് നിർദേശം നൽകി. ഓട പൊട്ടിയൊലിക്കുന്ന ചിത്രങ്ങൾ സഹിതം എം.പിക്ക് വാട്ട്സ്ആപ്പിൽ ലഭിച്ച പരാതിയെത്തുടർന്നാണ് നടപടി. യാത്രക്കാരുടെ നിരന്തര പരാതിയെത്തുടർന്ന് കുഴിയെടുത്ത് മലിനജലം അതിലേക്ക് ഒഴുക്കിയിരുന്നു. എന്നാൽ, മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത് വിദേശ സഞ്ചാരികൾ ഉൾപ്പെടെ യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നതായി വിവരിച്ചായിരുന്നു പരാതി. ഇതിനുസമീപമാണ് തത്കാൽ ടിക്കറ്റ് എടുക്കാൻ ജനം വരി നിൽക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നിർമാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഡിവിഷനൽ എൻജിനീയർ ഉൾപ്പെടെ അധികൃതരിൽനിന്ന് എം.പി വിശദീകരണം തേടിയിട്ടുണ്ട്. രണ്ടുദിവസത്തിനകം പ്രശ്നത്തിന് താൽക്കാലിക പരിഹാരവും റിസർവേഷൻ കൗണ്ടർ അടക്കമുള്ള കെട്ടിട നിർമാണം പൂർത്തിയാകുന്നതോടെ ശാശ്വത പരിഹാരവും കാണാമെന്ന് റെയിൽവേ അധികൃതർ എം.പിക്ക് ഉറപ്പുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.