സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; അരിയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി വേണം ^കെ.സി. വേണുഗോപാൽ എം.പി

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; അരിയുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ നടപടി വേണം -കെ.സി. വേണുഗോപാൽ എം.പി ആലപ്പുഴ: സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി മാതൃകാപരമായി നടപ്പാക്കണമെന്ന് കെ.സി. വേണുഗോപാൽ എം.പി എ.ഇ.ഒമാർക്ക് നിർദേശം നൽകി. ഉച്ചഭക്ഷണത്തിനെത്തിക്കുന്ന അരിയുടെ ഗുണനിലവാരം സംബന്ധിച്ച് പരാതികൾ വ്യാപകമാണ്. ഈ കാര്യത്തിൽ ഗുണനിലവാരം ഉറപ്പുവരുത്താൻ സിവിൽ സപ്ലൈസ് കോർപറേഷൻ നടപടി സ്വീകരിക്കണമെന്നും പദ്ധതിയുടെ ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ അവലോകന യോഗത്തിൽ എം.പി പറഞ്ഞു. പല സ്കൂളുകളിലും ടോയ്‌ലെറ്റുകളോട് ചേർന്നാണ് പാചകപ്പുരകൾ സ്ഥാപിച്ചിരിക്കുന്നത്്. ഇങ്ങനെയുള്ള പാചകപ്പുരകൾ മാറ്റിസ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. ശുചിത്വമുള്ള സാഹചര്യത്തിലാണ് പാചകം ചെയ്യുന്നതെന്ന് ഉറപ്പുവരുത്താൻ എ.ഇ.ഒമാർ നടപടി സ്വീകരിക്കണം. എല്ലാ എ.ഇ.ഒമാരും തങ്ങളുടെ പരിധിയിലുള്ള സ്കൂളുകളിലെ പാചകപ്പുരകൾ സന്ദർശിച്ച് തൽസ്ഥിതി റിപ്പോർട്ട് അടുത്തമാസം 10നകം നൽകണം. ഉപജില്ല അടിസ്ഥാനത്തിൽ ഉച്ചഭക്ഷണ പദ്ധതി എ.ഇ.ഒ തലത്തിൽ അവലോകനം ചെയ്യുന്നതിന് പി.ടി.എ അംഗങ്ങൾ, പ്രഥമാധ്യാപകർ, പാചക തൊഴിലാളികൾ എന്നിവരടക്കം മീറ്റിങ്ങുകൾ വിളിച്ചുചേർക്കണം. കലക്ടർ വീണ എൻ. മാധവൻ, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ, എ.ഇ.ഒമാർ, ഡി.ഇ.ഒമാർ തുടങ്ങിയവർ പങ്കെടുത്തു. കയർ സൊസൈറ്റി വാർഷികം ആലപ്പുഴ: കേരള സ്റ്റേറ്റ് കയർ മാറ്റ്സ് ആൻഡ് മാർക്കറ്റിങ് കോഓപറേറ്റിവ് സൊസൈറ്റി അസോസിയേഷൻ വാർഷികം മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. 'കയർ വ്യവസായം നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും' എന്ന സെമിനാർ മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ആർ. സുരേഷ് (പ്രസി.), അബ്ദുൽ ഗഫൂർ ഹാജി, ജോഷി എബ്രഹാം, ടി.ടി. ഹർഷൻ, കെ.കെ. ദിനമണി (വൈ. പ്രസി.), സി.കെ. സുരേന്ദ്രൻ (സെക്ര.), എൻ.എസ്. ശിവപ്രസാദ് (ട്രഷ.). (ചിത്രം എ.പി 51, 52)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.