ഹൈകോടതി കെട്ടിടത്തിന്​ ബലക്ഷയം; അറ്റകുറ്റപ്പണി തുടങ്ങി

കൊച്ചി: ബലക്ഷയം നേരിടുന്ന ഹൈകോടതി കെട്ടിടം ബലപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണി തുടങ്ങി. 11 വർഷം മാത്രം പഴക്കമുള്ള കെട്ടിടം കോൺക്രീറ്റ് അടർന്നു വീണും തൂണുകൾ വിണ്ടു കീറിയും അപകടാവസ്ഥയിലേക്ക് നീങ്ങുന്നതിനിടെയാണ് 41.50 ലക്ഷം രൂപ ചെലവിട്ട് അടിയന്തര അറ്റകുറ്റപ്പണി ആരംഭിച്ചിരിക്കുന്നത്. നിർമാണത്തിൽ അപാകതയുണ്ടെന്ന് തിരുച്ചിറപ്പള്ളി എൻ.ഐ.ടിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം പ്രഫസർ സി. നടരാജൻ 2015 ജൂണിൽ റിപ്പോർട്ട് നൽകിയിരുന്നു. കോൺക്രീറ്റിങ്ങിലുൾപ്പെടെ പോരായ്മ ഉണ്ടെന്നായിരുന്നു റിപ്പോർട്ട്. നിർമാണത്തിന് ഉപയോഗിച്ച മണലും സിമൻറും കമ്പിയും ഗുണനിലവാരം കുറഞ്ഞതാകാനുള്ള സാധ്യതയും നടരാജൻ ചൂണ്ടിക്കാട്ടിയിരുന്നു. അടിയന്തരമായി കെട്ടിടം ബലപ്പെടുത്തണമെന്നും ശിപാർശ ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പ് തന്നെയാണ് വിദഗ്ധ പഠനത്തിന് പ്രഫ. നടരാജനെ നിയോഗിച്ചത്. റിപ്പോർട്ട് രണ്ടു വർഷം മുമ്പ് ലഭിച്ചതാണെങ്കിലും ഇതേക്കുറിച്ച് അന്വേഷണം നടത്താൻ അധികൃതർ ഇതുവരെ തയാറായിട്ടില്ല. 96 കോടി രൂപ ചെലവിട്ട് 2005ൽ പൂർത്തിയാക്കിയ കെട്ടിടത്തിൽ പിറ്റേ വർഷം പ്രവർത്തനം തുടങ്ങിയിരുന്നു. 1994ൽ തറക്കല്ലിട്ട കെട്ടിടത്തി​െൻറ നിർമാണത്തിന് പലഘട്ടങ്ങളിലായി എട്ട് കരാറുകാർ ഉണ്ടായിരുന്നു. ഒമ്പതു നിലകളിലായി 26 കോടതികളാണ് ഇപ്പോഴുള്ളത്. കോൺക്രീറ്റ് തകർന്നു വീണതിനെത്തുടർന്ന് എട്ടാം നിലയിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ മാറ്റിയിരുന്നു. അടുത്തിടെ രണ്ടാം നിലയിലെ കേസ് ഫയലിങ് വിഭാഗം പ്രവർത്തിച്ചിരുന്ന മുറി അപകടാവസ്ഥയിലായതോടെ ഈ സെക്‌ഷൻ ഒന്നാം നിലയിലേക്ക് മാറ്റി. തുടർന്നാണ് അറ്റകുറ്റപ്പണി തുടങ്ങിയത്. ഹൈകോടതി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ചില സെക്‌ഷനുകൾ പഴയ ഹൈകോടതി മന്ദിരമായ രാംമോഹൻ പാലസിലേക്ക് മാറ്റിയിരുന്നു. എന്നാൽ, ഇത് കെട്ടിടത്തി​െൻറ ബലക്ഷയം മൂലമല്ലെന്നും ജഡ്‌ജിമാരുടെ എണ്ണം കൂടിയതോടെ അവർക്ക് സൗകര്യമൊരുക്കാനാണെന്നും രജിസ്ട്രാർ ജനറൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.