blurb തെരഞ്ഞെടുപ്പിൽ നിലംപരിശായ പാർട്ടി നേതാവിനെ ഉൾപ്പെടെ മൂന്നുപേരെയാണ് ഗവർണർ എം.എൽ.എയായി നിയമിച്ചത് പുതുച്ചേരി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 1,509 വോട്ടുകളുമായി കെട്ടിവെച്ച കാശുപോയ സംസ്ഥാന പ്രസിഡൻറ് വി. സാമിനാഥൻ ഉൾപ്പെടെ മൂന്നു ബി.ജെ.പി പ്രമുഖർ ഗവർണറുടെ കനിവിൽ പുതുച്ചേരി നിയമസഭയിലേക്ക്. ലഫ്റ്റനൻറ് ഗവർണർ കിരൺ ബേദി നാമനിർദേശം ചെയ്ത മൂന്നു പേരുടെ ലിസ്റ്റിന് കേന്ദ്രം അംഗീകാരം നൽകിയതോടെയാണ് ജനം തള്ളിയവർക്ക് സഭയിൽ പിൻവാതിൽ പ്രവേശനമൊരുങ്ങുന്നത്. വി. സാമിനാഥനു പുറമെ ബി.ജെ.പി സംസ്ഥാന ട്രഷറർ കെ.ജി. ശങ്കർ, പാർട്ടി അനുഭാവിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമയുമായ എസ്. ശെൽവഗണപതി എന്നിവരുമാണ് പുതുതായി നാമനിർദേശം ചെയ്യപ്പെടുന്നത്. മൂന്നുപേരിൽ കുറയാത്ത അംഗങ്ങളെ ഗവർണർക്ക് നാമനിർദേശം ചെയ്യാൻ നിയമം അനുശാസിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാറുമായി ആലോചിച്ചാണ് ഇത് നടപ്പാക്കാറുള്ളത്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് ഗവർണറുമായി വിയോജിപ്പിനെ തുടർന്ന് മുഖ്യമന്ത്രി വി. നാരായണ സ്വാമി ഒരു വർഷമായി പട്ടിക സമർപ്പിച്ചിരുന്നില്ല. ഇത് മുതലെടുത്താണ് മുഖ്യമന്ത്രി അറിയാതെ ബി.ജെ.പി അംഗങ്ങളുടെ പട്ടിക കേന്ദ്ര പരിഗണനക്കു ലഭിക്കുന്നത്. മുമ്പും സമാന രീതിയിൽ സഭയിൽ അംഗത്വത്തിന് ബി.ജെ.പി പിന്നാമ്പുറ ശ്രമം നടത്തിയിരുന്നു. 2001ൽ പാർട്ടി കേന്ദ്രം ഭരിക്കുേമ്പാൾ മൂന്നു പേരെ നാമനിർദേശം നൽകിയെങ്കിലും നടപ്പായില്ല. ഇത്തവണ പക്ഷേ, പട്ടികക്ക് അംഗീകാരം നൽകി കേന്ദ്രം ഉത്തരവ് സംസ്ഥാന സർക്കാറിന് അയച്ചുകഴിഞ്ഞു. കഴിഞ്ഞ രണ്ടുതവണയും ബി.ജെ.പി പ്രതിനിധിയായി വി. സാമിനാഥൻ മത്സരിച്ചിരുന്നുവെങ്കിലും ദയനീയമായി തോൽക്കാനായിരുന്നു വിധി. സംസ്ഥാനത്ത് ജനാധിപത്യത്തെ കശാപ്പുചെയ്ത ഗവർണർ കിരൺ ബേദി ബി.ജെ.പി ഏജൻറിനെപോലെയാണ് പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി വി. നാരായണ സ്വാമി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.